ദേശീയ സരസ് മേളയിൽ കൂറ്റനാട് ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ അവതരിപ്പിച്ച 'മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ' നാടകം അരങ്ങേറി. അവിവാഹിതനും വിദ്യാസമ്പന്നനുമായ സുബ്രഹ്മണ്യൻ നമ്പൂതിരി എന്ന നാട്ടുമൂപ്പന്റെ ജീവിതകഥ പ്രമേയമായ നാടകം സാമൂഹിക പ്രസക്തമായ വിഷയങ്ങളെ ഗൗരവത്തോടെയും എന്നാൽ രസകരമായും അവതരിപ്പിച്ചു.
പ്രശസ്ത നാടക പ്രവർത്തകൻ അരുൺലാൽ ആണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മേളയിലെ പ്രധാന ആകർഷണമായ ഫുഡ് കോർട്ടിലെ അമ്മു സ്വാമിനാഥൻ വേദിയിലായിരുന്നു പ്രദർശനം. രുചിയൂറും വിഭവങ്ങൾ തേടി ഫുഡ് കോർട്ടിലെത്തിയ സന്ദർശകരെ ആവേശത്തിലാഴ്ത്താൻ നാടകത്തിന് സാധിച്ചു.
ഭക്ഷണശാലയിലെ തിരക്കിനിടയിലും തങ്ങളുടെ നാട്ടിലെ കലാകാരന്മാരുടെ പ്രകടനം കാണാൻ നാടകപ്രേമികൾ വേദിക്ക് ചുറ്റും തിങ്ങിനിറഞ്ഞു. സരസ് മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളിൽ ആദ്യമായാണ് നാടകം അരങ്ങേറിയത്.
