കാക്കനാട് ചെമ്പുമുക്കിൽ രാത്രിയിൽ സംശയാസ്‌പദമായി കണ്ടെത്തിയതിനെ തുടർന്ന് തൃക്കാക്കര പൊലീസ് കസ്‌റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഡിണ്ടിഗൽ എവള്ളൂർ സ്വദേശി ബാബുരാജാണ് (50) മരിച്ചത്.
ഇന്നലെ (വെള്ളിയാഴ്ച) രാത്രി 10.30നാണ് ചെമ്പുമുക്ക് സെൻ്റ് മൈക്കിൾസ് പള്ളിയുടെ പിന്നിലെ കുറ്റിക്കാടിനു സമീപം പുതച്ചു മൂടിയിരിക്കുന്ന നിലയിൽ നാട്ടുകാർ ബാബുരാജിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസെത്തി ബാബുരാജിനെ കസ്‌റ്റഡിയിലെടുത്തു. അസ്വാഭാവിക സാഹചര്യത്തിൽ കണ്ടതിനാൽ കേസെടുത്തിരുന്നു.
ഇന്ന് (ശനി) പുലർച്ചെ മൂന്നോടെ സ്റ്റേഷനിൽ അപസ്‌മാര ലക്ഷണം പ്രകടിപ്പിച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ബാബുരാജിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബന്ധുക്കളെത്തിയശേഷം ഇൻക്വസ്റ്റ‌് നടത്തും. മൃതദേഹം സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Summary:
Tamil Nadu native dies after collapsing in police custody. A Tamil Nadu native who was taken into custody by the Thrikkakara police after being found acting suspiciously at night in Chembumukkil, Kakkanad, collapsed and died. The deceased has been identified as Baburaj (50), a native of Evallur, Dindigul.
