കുടുംബശ്രീ പ്രസ്ഥാനം ഇല്ലാതെ ഇന്ന് കേരളത്തിൽ ഒരു വികസന പദ്ധതികളും ഇല്ലെന്ന അവസ്ഥയായിരിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. ദേശീയ സരസ് മേളയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനവും ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുക്കളയിൽ ഒതുങ്ങി നിന്ന്, വീട്ടിലെ ചെറിയ ഉത്തരവാദിത്തങ്ങൾ മാത്രം ചെയ്തിരുന്ന സ്ത്രീകളെ, വ്യത്യസ്ത കർമ മേഖലകളിൽ വലിയ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കിയത് കുടുംബശ്രീ പ്രസ്ഥാനമാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നതിൽ കുടുംബശ്രീയുടെ പങ്ക് വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു. റംല ബീരാൻകുട്ടി ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോൺവീനർ ബീന ചന്ദ്രൻ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർ പേഴ്സൺ ബേനസീർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
അക്കാദമിക്, സാമൂഹിക, സാഹിത്യ, ഗ്രന്ഥശാലാ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. സംസ്‌കൃത പണ്ഡിതനും സാഹിത്യകാരനുമായ ഡോ. പി.വി. രാമൻകുട്ടി, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ് എം.വി. രാജൻ മാസ്റ്റർ, പൊതുപ്രവർത്തകൻ കെ.വി.മുഹമ്മദുണ്ണി കല്ലിങ്ങൽ എന്നിവരെ ആദരിച്ചു.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ഡോ. കെ.ചന്ദ്രൻ, ഡോ. ടി.ഹരിത, ഡോ.ടി.അശ്വതി, ഡോ. ആർ.തുളസി, ഡോ.സി പി. രമ്യ, ഡോ.കെ.പി ഹരിത, ഡോ.കെ.ആരതി, പി.ജി തീർഥ, ആദർശ് കണ്ണൻ കെ.എസ്, ഹിബ പർവീൻ, ടി.പി.വരദ, സാന്ദ്ര എ.വി, എം.വി. വിമ, കെ.ജസ്മ എന്നിവർ ആദരം ഏറ്റുവാങ്ങി. മികച്ച ഗ്രന്ഥശാലാ പ്രവർത്തകരായ വി.പി. ഹൈദ്രു മാസ്റ്റർ, ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ മാസ്റ്റർ പരുതൂർ, വേണു മാസ്റ്റർ തോട്ടുങ്ങൽ, എം.കെ.കൃഷ്ണൻ, എ.പി. മണികണ്ഠൻ, ആർട്ടിസ്റ്റ് എം.എ വേണു, മജീഷ്യൻ ആനന്ദ് മേഴത്തൂർ എന്നിവരെയും ആദരിച്ചു.
കുടുംബശ്രീ ദേശീയ സരസ് മേള അഞ്ചു ദിനം പിന്നിടുമ്പോൾ അരക്കോടി രൂപ വിറ്റുവരവ് നേടി കുടുംബശ്രീ ഫുഡ് കോർട്ട് വീണ്ടും തരംഗമായി. 5151610 രൂപയുടെ വിറ്റുവരവാണ് സംരംഭകർ നേടിയത്. അട്ടപ്പാടിയിൽ നിന്നുള്ള ചിക്കൻ വിഭവം വന സുന്ദരി വൻ ഹിറ്റായതോടെ ഇന്നലെ മുതൽ ഇതിനായി മാത്രം ഒരു കൗണ്ടർ കൂടി തുറന്നു. വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നിരന്ന ഉൽപന്ന പ്രദർശന വിപണന സ്റ്റാളിലും വിൽപന പൊടിപൊടിച്ച ദിനമായിരുന്നു ഇന്നലെ. ഉൽപന്ന വൈവിധ്യങ്ങളും രുചികരമായ ഭക്ഷ്യവിഭവങ്ങളും കലാ സാംസ്കാരിക പരിപാടികളും അറിയാനും ആസ്വദിക്കാനുമായി ആയിരക്കണക്കിനാളുകൾ ഇന്നലെയും സരസ് നഗരിയിലേക്ക് ഒഴുകിയെത്തി.
അമ്മു സ്വാമിനാഥൻ വേദി -രണ്ടിൽ 'പോസിറ്റീവ് മെന്റൽ ഹെൽത്ത്' ഓപ്പൺ ഫോറം നടന്നു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. "പെൺപെരുമ'യിൽ യാദ്വിക ധനീഷ് എന്ന മൂന്നു വയസുകാരിയുടെ ക്ലാസിക്കൽ നൃത്ത പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. മൺകലത്തിനു മുകളിൽ ബാലൻസ് തെറ്റാതെ കുഞ്ഞിക്കാലുകൾ കൊണ്ട് നൃത്തച്ചുവടുകൾ വച്ച കുരുന്നിനെ വൻ കരഘോഷത്തോടെയാണ് കാണികൾ പ്രോത്സാഹിപ്പിച്ചത്.
തൃത്താല, ചാലിശ്ശേരി, വടക്കാഞ്ചേരി, കിഴക്കഞ്ചേരി, പട്ടാമ്പി തുടങ്ങി പത്തോളം സി.ഡി.എസുകളിൽ നിന്നുള്ള നൂറോളം അംഗങ്ങൾ തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി, വീരനാട്യം, സംഘനൃത്തം, നാടൻപാട്ട്, ലളിതഗാനം തുടങ്ങി ഇരുപതിലേറെ ഇനങ്ങളാണ് അരങ്ങേറിയത്.
തുടർന്ന് കലാമണ്ഡലം കവിത ഗീതാനന്ദൻ അവതരിപ്പിച്ച ഓട്ടൻ തുള്ളലും കാണികൾ ഏറെ ആസ്വദിച്ചു.
ഗസൽ ഗായകൻ പ്രിയദർശൻ നിനവ് അവതരിപ്പിച്ച മൽഹാർ ഗാനസന്ധ്യ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അവതരിപ്പിച്ച മേജർ സെറ്റ് കഥകളി കർണശപഥം എന്നിവയും കാണികൾ ആസ്വദിച്ചു.
ദേശീയ സരസ് മേളയുടെ സാംസ്‌കാരിക വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത പെയ്തിറങ്ങി. മലപ്പുറം അയിരൂർ സ്വദേശിനി ഗംഗാ ശശിധരന്റെ 'ഗംഗാതരംഗം' വയലിൻ ഫ്യൂഷൻ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ശങ്കർ മഹാദേവന്റെ പ്രശസ്തമായ 'ഏകദന്തായ വക്രതുണ്ടായ...' എന്ന ഗണപതി സ്തുതിയോടെയായിരുന്നു കച്ചേരിയുടെ തുടക്കം. വയലിനിൽ ഈ കീർത്തനം വിരിഞ്ഞതോടെ തന്നെ സദസ്സ് കൈയടികളാൽ നിറഞ്ഞു. തുടർന്ന് ശാസ്ത്രീയ സംഗീതത്തിലെ അതിമനോഹരമായ 'അലൈപായുതെ കണ്ണാ' എന്ന കൃതിയുടെ ആവിഷ്കാരം കാണികളെ മറ്റൊരു അനുഭൂതി തലത്തിലേക്ക് എത്തിച്ചു. മലയാളം, ഹിന്ദി ഗാനങ്ങളും വയലിന് തന്ത്രികളിൽ വിരിയിച്ചു.
തവിലിൽ തൃപ്പുണിത്തുറ ശ്രീകുമാറും ഘടത്തിൽ മഞ്ഞൂർ ഉണ്ണികൃഷ്ണനും ചേർന്നൊരുക്കിയ താളലയങ്ങൾ വയലിൻ നാദത്തിന് കരുത്തേകി. പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയുമായി വിജയകുമാർ ഡ്രം പാഡിലും സുനിൽ ലാൽ ചേർത്തല കീബോർഡിലും ഗംഗയ്ക്ക് പിന്തുണ നൽകി.
ദേശീയ സരസ് മേളയുടെ സാംസ്‌കാരിക പരിപാടികളിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ഒന്നായി 'ഗംഗാതരംഗം' മാറി. സംഗീതത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഫ്യൂഷൻ കച്ചേരി പ്രായഭേദമന്യേ ഏവരും ഏറ്റെടുത്തു.
ഒന്നരമണിക്കൂറോളം സരസ് വേദിയെ സംഗീത സാന്ദ്രമാക്കിയ വിസ്മയ പ്രകടനത്തിനൊടുവിൽ, ജനസാഗരത്തെ സാക്ഷിയാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഗംഗാ ശശിധരനെ സ്നേഹോപഹാരം നൽകി ആദരിച്ചു. നാലാം വയസ്സു മുതൽ വയലിൻ ലോകത്ത് സജീവമായ ഗംഗ, വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ലാസ്യ ഭാവത്തിന്റെ ചുവടുകളുമായി ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ചാലിശ്ശേരിയുടെ മണ്ണിൽ മോഹിനിയാട്ടത്തിന്റെ വശ്യത പകർന്നു.
മുലയംപറമ്പ് മൈതാനിയിൽ ഒരുക്കിയ കൂറ്റൻ പന്തൽ ജനസാഗരമായി മാറി. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ ഇരിപ്പിടങ്ങൾ നിറഞ്ഞു കവിഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് കാണികൾ രാമകൃഷ്ണനെ വേദിയിലേക്ക് സ്വീകരിച്ചത്.
സ്നേഹവും ഭക്തിയും വിരഹവും സമന്വയിപ്പിച്ച ഭാവങ്ങളോടെ ഉറച്ച ചുവടുകളും കൃത്യമായ മുദ്രകളും കലയ്ക്ക് വർണ്ണമില്ലെന്നും ലിംഗമില്ലെന്നും തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഒരു കലാകാരന് നൽകാവുന്ന ഏറ്റവും വലിയ അംഗീകാരമായും ചാലിശ്ശേരിയിലെ സാംസ്കാരിക രാവ് മാറി. മന്ത്രി എം.ബി രാജേഷ് ആർ.എൽ.വി രാമകൃഷ്ണനെ ആദരിച്ചു.
സംഘാടന മികവിന് വീണ്ടും വീണ്ടും കൈയ്യടി നേടിക്കൊണ്ടാണ് സംരസ് മേളയുടെ അഞ്ചാം ദിനം പിന്നിട്ടത്.

