കഥകളി രംഗത്തെ കുലപതി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച 'കർണ്ണശപഥം' കഥകളി കാണികളെ ആവേശ ഭരിതരാക്കി.
കർണ്ണന്റെ ആത്മസംഘർഷങ്ങളും കുന്തിയുടെ മാതൃത്വവും ഇഴചേർന്ന 'കർണ്ണൻ- കുന്തി' രംഗമാണ് അരങ്ങിൽ നിറഞ്ഞാടിയത്.
കുരുക്ഷേത്ര യുദ്ധത്തിന് തൊട്ടുമുമ്പ് തന്റെ ജനനരഹസ്യം തേടിയെത്തുന്ന കുന്തിക്ക് മുന്നിൽ കർണ്ണൻ അനുഭവിക്കുന്ന വൈകാരികമായ പിടച്ചിൽ പ്രേക്ഷകരുടെ കണ്ണ് നനയ്ക്കുന്നതായിരുന്നു. കഥകളി സംഗീതവും മേളക്കൊഴുപ്പും ചേർന്നപ്പോൾ സരസ് മേള ശരിക്കും ഒരു സാംസ്കാരിക വിരുന്നായി മാറി.
മന്ത്രി എം.ബി രാജേഷ് കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘത്തിനും ഉപഹാരം നൽകി ആദരിച്ചു.
ഗായകൻ പ്രിയദർശനും സംഘവും ഒരുക്കിയ ‘മൽഹാർ’ അവിസ്മരണീയമായ അനുഭവമായി. ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല സിനിമാ ഗാനങ്ങളിലൂടെ സദസ്സിനെ പാട്ടിന്റെ പാലാഴിയിൽ ആറാടിച്ചാണ് പ്രിയദർശൻ മേളയിലെ രാത്രിയെ സംഗീത സാന്ദ്രമാക്കിയത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയഗാനമായ "ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം..." ,
"എന്തേ ഇന്നും വന്നില്ല..." ഉൾപ്പെടെയുള്ള വിരഹ ഗാനങ്ങളും മെലഡികളും പ്രിയദർശന്റെ സ്വരമാധുരിയിൽ ഒഴുകിയെത്തിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് കാണികൾ അതിനെ വരവേറ്റത്.
വേദിയിൽ വച്ച് പ്രിയദർശന് ടി.പി കുഞ്ഞുണ്ണി സ്നേഹോപഹാരം നൽകി ആദരിച്ചു.

