തൃശൂർ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിനടുത്തുള്ള പാർക്കിങ്ങ് ബേയിലെ ബൈക്കുകളിലാണ് തീ പടർന്നത്. റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ട്.
എന്നാൽ തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടർ കത്തിയതാകാമെന്നും സൂചനയുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഉടൻ തന്നെ തീ അണയ്ക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. അപകട സ്ഥലം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നേരിട്ടെത്തി പരിശോധിച്ചു.
സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ പരിശോധിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പൊലീസ് പരിശോധിക്കും. കേരളത്തിൽ ഒരു പാർക്കിംഗ് സ്ഥലത്ത് ഉണ്ടാവുന്ന ഇത്തരത്തിലുള്ള ആദ്യത്തെ അപകടമാണിത്.
ട്രെയിൻ ഗതാഗതത്തിന് തടസ്സമോ ട്രാക്കിന് കേടുപാടുകളോ ഒന്നും സംഭവിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം സജീവമായി തുടർന്നു. ഫയർഫോഴ്സിൻ്റെ സജീവമായ ഇടപെടലും ഒപ്പം റെയിൽവേയുടെ പ്രവർത്തനങ്ങളും കൂടിയായപ്പോൾ വലിയ തീഗോളമായി മാറിയ മേഖലയിൽ പെട്ടെന്ന് തന്നെ നിയന്ത്രണം സാധ്യമായി.
തീ പടർന്ന് പതിനഞ്ച് മിനിറ്റായപ്പോൾ തന്നെ തൊട്ടടുത്ത മരത്തിലടക്കം പടർന്ന് പിടിച്ചിരുന്നു. ഫയർഫോഴ്‌സ് മികച്ച രീതിയിൽ പ്രതികരിച്ചത് തീ വേഗം അണയ്ക്കുന്നതിന് സഹായകമായി.
