അറബിക്കടലിന്റെ തീരത്തുനിന്ന് നിളയുടെ മണ്ണിലേക്ക് ഗുജറാത്തി ഖാദിയുടെ തനിമയുമായി അവർ എത്തി. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ സന്ദർശകരുടെ തിരക്കേറുന്നത് പീന പട്ടേലിന്റെയും ദർമിസയുടെയും സ്റ്റാളിലേക്കാണ്. ഗുജറാത്തിലെ നവസരി ജില്ലയിലുള്ള ദഗവാഡ ഗ്രാമത്തിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി എത്തിയ ഈ സംരംഭകർക്ക് ഇത് കേവലം ഒരു കച്ചവടമല്ല, തങ്ങളുടെ ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ കൂടിയാണ്.
നവസരിയിലെ ‘പ്രമുഖ് സ്വാമി’ സ്വയംസഹായ സംഘത്തിലെ (എസ് എച്ച് ജി ) പത്ത് കരുത്തുറ്റ വനിതകളുടെ അധ്വാനമാണ് ഈ ഖാദി ഉൽപ്പന്നങ്ങൾ. സംഘത്തിലെ അംഗങ്ങളായ പീന പട്ടേലും ദർമിസയുമാണ് ഉൽപ്പന്നങ്ങളുമായി പാലക്കാട്ടെത്തിയത്. ആദ്യമായാണ് ഇവർ കേരളത്തിലെത്തുന്നത്. തങ്ങളുടെ ആദ്യ സരസ് മേള കൂടിയായ ചാലിശ്ശേരിയിൽ ലഭിക്കുന്ന സ്നേഹവും സ്വീകാര്യതയും ഇവരെ അമ്പരപ്പിക്കുന്നു.
"കേരളത്തിലെ ജനങ്ങൾക്ക് ഖാദിയോടുള്ള താൽപ്പര്യം വലിയ ആവേശമാണ് നൽകുന്നത്. ഇത്രയും വലിയൊരു സ്വീകാര്യത ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല" എന്ന് പീന പട്ടേൽ പറയുന്നു
സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഇന്ത്യയുടെ ആത്മവീര്യമായി ഉയർത്തിക്കാട്ടിയ ഖാദി, വെറുമൊരു തുണിയല്ല. അതിന്റെ സവിശേഷതകൾ ഏറെയാണ്. യന്ത്രസഹായമില്ലാതെ ചർക്കയിൽ നൂൽ നൂറ്റ് കൈത്തറിയിൽ നെയ്തെടുക്കുന്ന ഖാദിക്ക് ഇന്നും ആവശ്യക്കാർ നിരവധിയാണ്. വേനൽക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും നൽകുന്നു എന്നതാണ് ഖാദിയുടെ ഏറ്റവും വലിയ ഗുണം. രാസവസ്തുക്കളുടെ കുറഞ്ഞ ഉപയോഗവും പ്രകൃതിദത്തമായ നാരുകളും ഖാദിയെ പരിസ്ഥിതിക്ക് ഇണങ്ങിയതാക്കുന്നു. ഓരോ ഖാദി വസ്ത്രം വാങ്ങുമ്പോഴും അത് ദഗവാഡ പോലുള്ള ഗ്രാമങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളുടെ ഉപജീവനത്തിനുള്ള വഴിയാണ് തുറക്കുന്നത്.
തനിമ തിളങ്ങുന്ന ഉൽപ്പന്നങ്ങൾ ഗുജറാത്തി എംബ്രോയ്ഡറികളും വർണ്ണാഭമായ ഡിസൈനുകളും ചേർന്ന കുർത്തകൾ, സാരികൾ, മറ്റ് ഖാദി വസ്ത്രങ്ങൾ എന്നിവയ്ക്കാണ് മേളയിൽ പ്രിയമേറുന്നത്. ഗുജറാത്തിന്റെ തനത് സംസ്കാരവും ഖാദിയുടെ ലാളിത്യവും ഒത്തുചേരുന്ന ഉൽപ്പന്നങ്ങൾ കാണണമെങ്കിൽ സരസമേളയിലെ 190 ആം നമ്പർ സ്റ്റാളിൽ എത്തിയാൽ മതി.
മേള അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, കൂടുതൽ മലയാളികളിലേക്ക് തങ്ങളുടെ ഗ്രാമീണ കല എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ദഗവാഡയിലെ ഈ പെൺകരുത്ത്.
