പ്രകൃതിദത്ത ഛായ കൂട്ടുകൾ കൊണ്ട് വിരലുകളും കമ്പുകളുമുപയോഗിച്ച് മാസങ്ങളോളം എടുത്താണ് ചിത്രങ്ങൾ വരച്ചെടുക്കുന്നത്. ആയിരം രൂപ മുതൽ 45,000 രൂപ വരെയുള്ള ചിത്രങ്ങളാണ് മേളയിലെ വിപണനത്തിലുള്ളത്. കലയെ സ്നേഹിക്കുന്ന നിരവധി പേരാണ് മേളയിൽ നിന്നും മിഥില ചിത്രങ്ങൾ താല്പര്യപൂർവ്വം വാങ്ങിക്കുന്നത്. മിഥില ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം കൂടിയാണ് ഇതെന്ന് ഗോവിന്ദ് പറഞ്ഞു. കേരളത്തിലെ വിവിധ മേളകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഇദ്ദേഹം.
ഇന്ത്യയിലെ ബീഹാറിലെ മധുബനി ജില്ലയുടെ പേരിലാണ് ഈ കല ഉത്ഭവിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ജ്യാമിതീയ പാറ്റേണുകളും ചിത്രങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ പക്ഷിമൃഗാദികളും പുരാണ കഥാപാത്രങ്ങളും ചിത്രങ്ങളിൽ പ്രമേയമാകുന്നുണ്ട്. കേരള ചുമർചിത്രത്തിൽ പഞ്ചവർണ്ണങ്ങൾ ഉപയോഗിക്കുമ്പോൾ മധുബാനി ചിത്രത്തിൽ തിളക്കമുള്ള എല്ലാ നിറങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. മിഥില മേഖലയിലെ കുടുംബങ്ങളിൽ പ്രധാനമായും സ്ത്രീകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കഴിവുകളിൽ ഒന്നാണ് ഈ ചിത്രകല. മധുബാനി ചിത്രങ്ങൾക്ക് ഫാഷൻ ലോകത്തിൽ തരംഗം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ കലയുടെയും സംസ്കാരത്തിന്റെയും രുചി വൈവിധ്യങ്ങളുടെയും ഏകീകൃത കേന്ദ്രമായി സരസമേള മാറിക്കഴിഞ്ഞു.
