ചാലിശ്ശേരി സിറിയൻ ക്രിസ്ത്യൻ യു.പി.സ്കൂൾ 115-ാം വാർഷികവും ഗുരുവന്ദനവും ഫെബ്രുവരി 4ന്.

ചാലിശ്ശേരി സിറിയൻ ക്രിസ്ത്യൻ അപ്പർ പ്രൈമറി സ്കൂളിന്റെ 115-ാം വാർഷികവും അധ്യാപക– രക്ഷാകർതൃ ദിനാഘോഷവും ഫെബ്രുവരി 4 ബുധനാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കും.

1911ൽ സ്ഥാപിതമായ ഈ വിദ്യാലയം പ്രദേശത്തെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. പതിനായിരത്തിലധികം വിദ്യാർത്ഥികളെ പഠിപ്പിച്ചിട്ടുള്ള സ്കൂൾ, സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് നിരവധി പേരെ കൈപിടിച്ചു നയിച്ചിട്ടുണ്ട്. പള്ളി സ്കൂൾ, അങ്ങാടി സ്കൂൾ എന്നീ പേരുകളിലാണ് വിദ്യാലയം അറിയപ്പെടുന്നത്.

രാവിലെ 10.30ന് പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദന ചടങ്ങ് നടക്കും. വൈകിട്ട് 4 മണിക്ക് മുൻ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുക്കുന്ന വാർഷികാഘോഷം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി  ഉദ്ഘാടനം ചെയ്യും. 

കോർപ്പറേറ്റ് മാനേജർ ഫാ. വർഗ്ഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിക്കും. മലബാർ സ്വതന്ത്ര സുറിയാനി സഭാ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി അനുഗ്രഹ സന്ദേശം നൽകും. ആർടിസ്റ്റ് അജയൻ ചാലിശ്ശേരി വിശിഷ്ടാതിഥിയായും പങ്കെടുക്കും.

പരിപാടികൾക്ക് കോർപ്പറേറ്റ് മാനേജർ ഫാ. വർഗ്ഗീസ് വാഴപ്പിള്ളി, സ്കൂൾ പ്രധാനദ്ധ്യാപകൻ കെ.മുഹമ്മദ് സൽമാൻ, പി.ടി.എ പ്രസിഡന്റ് പി.എ റഹിയാനത്ത്, സ്കൂൾ ലീഡർ മുഹമ്മദ് എം.കെ ഫാദിൽഷ എന്നിവർ നേതൃത്വം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം