പ്രവാസത്തിന്റെ ദൂരങ്ങളിലാണെങ്കിലും ഹൃദയം നാടിനൊപ്പം ചേർത്തുവയ്ക്കുകയാണ് നവമാധ്യമ കൂട്ടായ്മ. നെല്ലായ മാരായമംഗലം കുളപ്പട മഹല്ലിലെ പ്രവാസി സുഹൃത്തുക്കളുടെ ‘തണൽ’ പ്രവാസി വാട്സ്ആപ്പ് കൂട്ടായ്മ നാട്ടുകാർക്ക് യഥാർത്ഥ തണലായി മാറുകയാണ്.
വിശുദ്ധ റമദാൻ്റെ ഭാഗമായി മഹല്ലിലെ 200ഓളം കുടുംബങ്ങൾക്ക് ഈന്തപ്പഴവും, 35 ഓളം കുടുംബങ്ങൾക്ക് സമൃദ്ധമായ റമദാൻ കിറ്റും (ഭക്ഷ്യസാധനങ്ങൾ) നൽകി കാരുണ്യത്തിന്റെ മാതൃകയായി 'തണൽ' മാറി.
യൂസഫ് മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഹല്ല് ഖത്തീബ് ഹഫീഫ് കമാലി ദുആ നിർവഹിച്ചു. പി.ഹംസ, സി.അസൈനു തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും നാട്ടിലെ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കൂട്ടായ്മ കഴിഞ്ഞ നാലുവർഷമായി നിരവധി സഹായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ മുന്നിലെത്തുന്ന കരുതൽ കൈകളായി ‘തണൽ’ മാറിയിരിക്കുകയാണ്.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക ഇടപെടലുകൾ കൂടുതൽ വ്യാപിപ്പിക്കാനും അർഹരായ കുടുംബങ്ങൾക്ക് സ്ഥിരമായ പിന്തുണ ഉറപ്പാക്കാനും പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
