സമൂഹത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം തന്നെ സാധാരണക്കാരായ ജനങ്ങളുടെ ജീവിത നിലവാരവും ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു പറഞ്ഞു.
വല്ലപ്പുഴ പൂവക്കുഴി നഗർ വികസന പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 1160 കുട്ടികളാണ് നിലവിൽ സർക്കാർ സഹായത്തോടെ വിദേശ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്നത്. ഓരോ കുട്ടിക്കും 25 ലക്ഷം രൂപ വീതമാണ് പഠനത്തിനായി സർക്കാർ അനുവദിച്ചത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയായ തിരുവനന്തപുരം ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ മാത്രം ഇതേ വിഭാഗത്തിൽപ്പെട്ട 130 കുട്ടികൾ പഠിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ 340 കുട്ടികൾക്ക് ആരോഗ്യ വകുപ്പിൽ ജോലി നൽകാൻ സർക്കാരിന് സാധിച്ചു. സർക്കാർ നടപ്പിലാക്കുന്ന ഓരോ ക്ഷേമ പദ്ധതിയും ജനങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തണം. പൂവക്കുഴി നഗറിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ കെ.എസ് ശ്രീജ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
