ജനുവരി രണ്ട് മുതൽ 11 വരെ ചാലിശ്ശേരിയിൽ സംഘടിപ്പിച്ച കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് മേളയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ തിരുമുറ്റക്കോട് കാട്ടിരി വീട്ടിൽ കെ.കരുണാകരന്. (കൂപ്പൺ നമ്പർ: 5682)
രണ്ടാം സമ്മാനമായ ബൈക്ക് ലഭിച്ചത് ചെത്തല്ലൂരിലെ ഐശ്വര്യ കുടുംബശ്രീ യൂണിറ്റിനാണ്. (കൂപ്പൺ നമ്പർ : 388599). മൂന്നാം സമ്മാനമായ 43 ഇഞ്ച് എൽ.ഇ.ഡി ടി.വി കയറമ്പാറ സ്വദേശിനി ഉമാദേവിക്കും (കൂപ്പൺ നമ്പർ 338780) നാലാം സമ്മാനമായ റഫ്രിജറേറ്റർ നെന്മാറ അയലൂർ പഞ്ചായത്തിലെ ഐശ്വര്യ അയൽക്കൂട്ടത്തിലെ അംഗമായ ബിൽക്കിസീനും (കൂപ്പൺ നമ്പർ: 168513) ലഭിച്ചു. അഞ്ചാം സമ്മാനമായ സ്വർണ്ണനാണയം കൂറ്റനാട് കാനറ ബാങ്കിനാണ്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സരസ് മേളയുടെ സംഘാടക സമിതി പിരിച്ചുവിടൽ യോഗത്തിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. ആദ്യ നാല് സമ്മാനങ്ങൾ ലഭിച്ച വിജയികളെ സമ്മാന വിവരം മന്ത്രി തന്നെ നേരിട്ട് അറിയിക്കുകയായിരുന്നു. ഇതുകൂടാതെ പ്രോത്സാഹന സമ്മാനം നേടിയ 100 പേരെയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
ഇതുവരെ നടന്നതിൽ ജനപങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ മേളയായിരുന്നു ചാലിശ്ശേരിയിലേതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിനായി കുടുംബശ്രീ മാസങ്ങൾ നീണ്ട കഠിനാധ്വാനം നടത്തിയെന്നും ഇനി വരുന്ന സരസ് മേളകൾക്ക് തൃത്താല സരസ് മേള ഒരു വലിയ വെല്ലുവിളി ആകുമെന്നും മന്ത്രി പറഞ്ഞു.
സരസ് മേളയോടനുബന്ധിച്ച് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ സ്വാഗതം പറഞ്ഞു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പി.മമ്മിക്കുട്ടി എം.എൽ.എ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.നിഷ ടി.വി എന്നിവർ ആശംസിച്ചു. ചാലിശ്ശേരി കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ ലതാ സുഗുണൻ നന്ദി പറഞ്ഞു.
