പട്ടാമ്പിയിൽ നടക്കുന്ന കവിതയുടെ കാർണിവൽ ഒമ്പതാം പതിപ്പിൻ്റെ ഭാഗമായി പ്രദേശത്തെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് ആർട്ട് മൂവ്മെൻ്റ് പട്ടാമ്പി (CAMP) അംഗങ്ങളുടെ ആർട്ട് ഗാലറി ശ്രദ്ധേയമായി. 23 ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് രണ്ട് ഹാളുകളിലായി പ്രദർശിപ്പിച്ചിരിക്കുന്നത്.
ഉദ്ബുദ്ധ കേരളം എന്ന പേരിൽ ഒന്നാം ഹാളിൽ ഉള്ള ചിത്രങ്ങൾ പട്ടാമ്പിയിലെ സാംസ്കാരിക ചരിത്രത്തെ അടയാളപ്പെടുത്തുമ്പോൾ സംസ്കൃതി എന്ന പേരിൽ രണ്ടാം ഹാളിൽ ഉള്ള ചിത്രങ്ങൾ മണ്ണും കൃഷിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തിൻ്റെ സാക്ഷ്യങ്ങളാവുന്നു.
ക്രിയേറ്റീവ് ആർട്ട് മൂവ്മെൻ്റ് പട്ടാമ്പി എല്ലാ മാസവും ഒരു പ്രദേശത്ത് ചിത്രകാരന്മാരെ കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തി വരുന്നുണ്ടെന്ന് ആർടിസ്റ്റ് ദേവൻ 'സ്വലേ' യോട് പറഞ്ഞു.
പട്ടാമ്പിയിൽ സ്ഥിരം ആർട്ട് ഗാലറി സ്ഥാപിക്കാനും ചിത്രപ്രദർശനം നടത്താനും ക്യാമ്പ് നടത്താനും ചിത്രകല പരിചയപ്പെടുത്താനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു. പട്ടാമ്പിയിൽ സ്ഥിരമായ ആർട്ട് ഗാലറിക്കു വേണ്ട നിർദ്ദേശം സർക്കാരിന് നൽകുമെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉറപ്പ് നൽകിയിട്ടുണ്ട്.
