പട്ടാമ്പി നഗരസഭയിൽ 'ഇക്കോസെൻസ്' സ്കോളർഷിപ്പ് വിതരണം ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച 'വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് - ഇക്കോസെൻസ് 2025' പദ്ധതിയുടെ നഗരസഭാതല വിതരണോദ്ഘാടനം നടന്നു. 

മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മനോഭാവം വളർത്തുന്നതിനും ശുചിത്വ ബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനു മാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ജിതേഷ് മോഴിക്കുന്നം അധ്യക്ഷത വഹിച്ചു.  നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ പി.ഷാഹുൽ ഹമീദ്, സഫ നിസാർ, കെ.ഷെഫീദ, കൗൺസിലർമാരായ ടി.പി.ഉസ്മാൻ, സി.സംഗീത, മുനവ്വിറ റാസി, സുലൈഖ നിസാർ, പി.എച്ച്.ഐ സംഗീത ശങ്കർ ദാസ് തുടങ്ങിയവർ പങ്കെടുത്തു.

പട്ടാമ്പി നഗരസഭാ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികൾക്ക് 1500 രൂപയും പ്രശസ്തി പത്രവുമാണ് സ്കോളർഷിപ്പായി നൽകുന്നത്. യു.പി (6,7 ക്ലാസ്സുകൾ), ഹൈസ്കൂൾ (8, 9 ക്ലാസ്സുകൾ),  ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി (+1 ക്ലാസ്സുകൾ) എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായത്.

പട്ടാമ്പി ജി.എച്ച്.എസ്.എസ്. (ഹൈസ്കൂൾ & ഹയർ സെക്കന്ററി), ജി.യു.പി. സ്കൂൾ പട്ടാമ്പി, കിഴായൂർ യു.പി. സ്കൂൾ, ജി.എം.എൽ.പി. പട്ടാമ്പി, സെന്റ് പോൾസ് പട്ടാമ്പി എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ചടങ്ങിൽ സ്കോളർഷിപ്പും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. 

കേരളത്തിലുടനീളം അമ്പതിനായിരത്തിൽപ്പരം വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം നൽകുന്നതിനൊപ്പം മികച്ച പ്രവർത്തനം നടത്തുന്ന വിദ്യാലയങ്ങളെയും ഈ പദ്ധതിയിൽ ആദരിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം