കൂറ്റനാട് തെക്കേ വാവനൂർ ശ്രീ കൊട്ടിലുക്കൽ അസുര മഹാകാളൻ - മഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടു വരെ നവീകരണ കലശം നടത്തുന്നതിന് ഒരുക്കമായെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തന്ത്രരത്നം പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് 11 നാൾ നീണ്ടു നിൽക്കുന്ന നവീകരണ കലശവും മാർച്ച് 30ന് പുന:പ്രതിഷ്ഠയും നടത്തുന്നത്. ഈ ദിവസങ്ങളിൽ ഭഗവത് സേവയും കലാ- സാംസ്കാരിക പരിപാടികളും പ്രസാദ ഊട്ടും ഉണ്ടാവും.
മാർച്ച് 23ന് തിങ്കളാഴ്ച വൈകീട്ട് 4 ന് വെൺമണി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭക്തി പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് ചാക്യാർകൂത്ത്, നൃത്താർച്ചന എന്നിവയുണ്ടാവും.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം നൃത്താർച്ചന, ഭക്തിഗാന മേള, കീർത്തനാലാപനം, തായമ്പക, കഥകളി എന്നിവ അരങ്ങേറും. ഏപ്രിൽ 2ന് നവീകരണ കലശ ചടങ്ങുകൾ സമാപിക്കുമെന്ന് ക്ഷേത്ര നവീകരണ കലശ കമ്മിറ്റി ഭാരവാഹികളായ എം.പി കേശവൻ, ടി.എൻ പരമേശ്വരൻ, പുന്നാത്തൂർ നാരായണൻ, കെ.കെ മാധവൻ, കെ.വിജയൻ മാസ്റ്റർ എന്നിവർ അറിയിച്ചു.

