കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛൻ ശ്വാസംമുട്ടി മരിച്ചു. വടക്കാഞ്ചേരി മാരാത്ത്കുന്ന് വാരിയത്ത് വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മകൻ ആരുഷ് ആൾമറയില്ലാത്ത കിണറ്റിലേക്ക് കാൽതെന്നി വീഴുകയായിരുന്നു. കുട്ടി കിണറ്റിൽ വീണതറിഞ്ഞ വിഷ്ണു ഉടൻതന്നെ മകനെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടി.
ബഹളം കേട്ടെത്തിയ അയൽവാസി വൈശാഖ് ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ വടക്കാഞ്ചേരി അഗ്നിരക്ഷാസേന കുട്ടി രക്ഷപ്പെട്ട വിവരം അറിഞ്ഞ് മടങ്ങാനൊരുങ്ങവെയാണ് വിഷ്ണുവിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ കിണറ്റിലെ ചേറിൽ കുടുങ്ങിയ നിലയിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ ഓക്സിജൻ കുറവായതിനാൽ ഉണ്ടായ ശ്വാസതടസ്സമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ആരുഷിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ച വിഷ്ണു നിർമ്മാണത്തൊഴിലാളിയാണ്. ഭാര്യ: സുനിത.
