സുരേഷ് തെക്കീട്ടിലിന് കർമ്മശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു.

പുലാമന്തോൾ പാലൂർ  ആലഞ്ചേരി ഭഗവതി ക്ഷേത്രം ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം  കഥാകൃത്ത് സുരേഷ് തെക്കീട്ടിലിന് സമ്മാനിച്ചു. വാദ്യകുലപതി തൃപ്പാളൂർ ശിവൻ പുരസ്കാര സമർപ്പണം നടത്തി. 

വാദ്യകുലപതി തിരുവില്വാമല ഹരി, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ബാലൻ പാലൂർ തുടങ്ങിയവർ സന്നിഹിതരായി.

പോലീസ് സേനയിൽ നിന്ന് ഈയിടെ വിരമിച്ച സുരേഷ് തെക്കീട്ടിൽ കഥകളും ഹ്രസ്വ കഥകളും കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ എഴുതിയിട്ടുണ്ട്. 

നാല് കഥാ സമാഹാരങ്ങൾ, രണ്ട് കവിതാ സമാഹാരങ്ങൾ, രണ്ട് ഓർമ്മ പുസ്‌തകങ്ങൾ, 'ബീ പ്രാക്ടിക്കൽ' എന്ന നോവൽ, 'മായാതെ മങ്ങാതെ' എന്ന സിനിമാ ലേഖന സമാഹാരം, കൂടാതെ തെക്കീട്ടിൽ കഥകൾ എന്ന പേരിൽ ആയിരം കഥകളുടെ പുസ്‌തകവുമൊരുങ്ങുന്നു.

ഇതിനകം പതിനെട്ടു പുരസ്കാരങ്ങളും, നൂറിലധികം ആദരവുകളും ലഭിച്ചു. ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ ഫെയ്‌സ് ബുക്കിൽ തുടർച്ചയായി അഞ്ഞൂറ് കഥകളെഴുതി 2018ൽ യു.ആർ.എഫ് ദേശീയ റെക്കാർഡ് നേടി. 

801 ദിവസങ്ങളിൽ 801 കഥകൾ എഴുതിയും ആ കഥകൾ അവതരിപ്പിച്ചും ആ കഥകളിലെ രണ്ടായിരം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും ആ കഥകൾ പൊതുവേദിയിൽ പ്രദർശിപ്പിച്ചും 2025ൽ ടാലന്റ് റെക്കാർഡ് ബുക്കിലൂടെ സ്ഥാപിച്ച ലോക റെക്കാർഡും സുരേഷിനെ തേടിയെത്തി. 

മൂന്ന് പതിറ്റാണ്ടിലേറെക്കാലം കാക്കിക്കുള്ളിൽ ജീവിച്ച സുരേഷ് തെക്കീട്ടിലിന് കഥയെഴുതാൻ കാക്കിയുടുപ്പ് ഒരിക്കലും തടസ്സമായില്ല. സർവീസിൽ നിന്ന് വിരമിച്ച ശേഷം എഴുത്തിൻ്റെ രംഗത്ത് സജീവമാകുകയാണ് സുരേഷ് തെക്കീട്ടിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം