തിരുവനന്തപുരം പേരൂർക്കടയിൽ എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ എസ്.എ.പി, കെ.എ.പി ഒന്ന്, മൂന്ന്, വുമൺസ് ബറ്റാലിയൻ എന്നിവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 330 റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാർ സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായി.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ എസ്.എ.പിയിലെ 98 ഉം കെ.എ.പി മൂന്നാം ബറ്റാലിയനിലെ 67 റിക്രൂട്ട് സേനാംഗങ്ങളും പാലക്കാട് ഡി.എച്ച്.ക്യുവിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ കെ.എ.പി ഒന്നാം ബറ്റാലിയനിലെ 61 പേരും കേരള പൊലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയനിലെ 104 പേരും ഉൾപ്പെടെ 330 റിക്രൂട്ട് സേനാംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്‌ച വെച്ചവർക്ക് സംസ്ഥാന പൊലീസ് മേധാവി പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.
