ഇന്ത്യയിലെ ആദ്യത്തെ ലേണിങ്ങ് കോൺസ്റ്റിറ്റ്യൂവൻസിയായി പട്ടാമ്പിയെ ഉയർത്തുന്നതിനുള്ള സമഗ്ര പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.
എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ചെമ്പ്ര യുവജന വായനശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് മുഹ്സിൻ എം.എൽ.എ.
ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിൽ 100 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുകയും പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്തതായി എം.എൽ.എ പറഞ്ഞു.
ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറികൾ, സ്മാർട്ട് ക്ലാസ് സംവിധാനങ്ങൾ, ശുചിമുറി- കുടിവെള്ള സൗകര്യങ്ങൾ തുടങ്ങി സമഗ്ര നവീകരണമാണ് നടപ്പാക്കിയത്.
രണ്ടാം ഘട്ടമായി മണ്ഡലത്തിലെ വായനശാലകളെ സ്കിൽ സെന്ററുകളാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ കൂട്ടിച്ചേർത്തു. അതാത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രായഭേദമന്യേ എല്ലാവർക്കും പുതിയ കഴിവുകൾ അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കി വായനശാലകളെ ജനകീയ സർവകലാശാലകളാക്കി മാറ്റുക എന്ന ദീർഘ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ ഇടപെടൽ.
നവീന സൗകര്യങ്ങളോടുകൂടിയ ഈ വായനശാല ഇനി വായനയുടെ കേന്ദ്രം മാത്രമല്ല, വിവിധ സ്കിൽ ട്രെയിനിംഗ് പരിപാടികൾക്കും സാമൂഹിക- സാംസ്കാരിക ഇടപെടലുകൾക്കും വേദിയാകുമെന്നും എം.എൽ.എ വ്യക്തമാക്കി.
തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല ടീച്ചർ അധ്യക്ഷയായി. വായനശാല പ്രസിഡണ്ട് പി.കെ സതീശൻ, സെക്രട്ടറി എൻ. മണികണ്ഠൻ, ലൈബ്രറി കൗൺസിൽ അംഗങ്ങളായ ടി. സത്യനാഥൻ, എം.പി വിജയൻ, പഞ്ചായത്ത് അംഗങ്ങൾ, ഗ്രന്ഥശാലാ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

