കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം തുറന്നു

അവശ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം തുറന്നു. റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 

കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയായി. തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ, കുന്നംകുളം നഗരസഭാ ചെയർ പേഴ്സൺ സൗമ്യ അനിലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി രഘുനാഥ്, പി.ജി ജയപ്രകാശ്, തഹസിൽദാർ ഒ.ബി ഹേമ, നടൻ വി.കെ ശ്രീരാമൻ,  ത്രിതല തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

2016ൽ എൽ.ഡി.എഫ് അധികാരത്തിൽ എത്തിയപ്പോഴാണ് കുന്നംകുളം ജനതയുടെ ദീർഘകാല ആവശ്യം പരിഗണിച്ച് തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം താലൂക്ക് രൂപീകരിച്ചത്. 

അടുത്ത വർഷം നിയമനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. എന്നാൽ, അവ അപര്യാപ്‌തമായതിനെത്തുടർന്നാണ് കുറുക്കൻ പാറയിൽ ഏറ്റെടുത്ത നാലേക്കറിൽ ആസ്ഥാന മന്ദിരം നിർമിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. 

തലപ്പിള്ളി താലൂക്കിൽ ഉൾപ്പെട്ട 29 വില്ലേജുകൾ ഉൾപ്പെടുത്തി രൂപീകരിച്ച കുന്നംകുളം താലൂക്കിന് മികച്ച സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് നിർമ്മിച്ചത്.  നിലവിൽ കക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ താലൂക്ക് അനുബന്ധ സേവനങ്ങളും കുറുക്കൻ പാറയിലേക്ക് മാറും.

ഭിന്നശേഷി സൗഹൃദ പരമായി നിർമിച്ച കെട്ടിടത്തിൽ റാമ്പ്, രണ്ട് ലിഫ്റ്റുകൾ, ഓരോ നിലയിലും ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.  സ്ത്രീ സൗഹൃദ പരമാക്കുന്നതിൻ്റെ ഭാഗമായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി സജ്ജീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കുകൾ, സ്ത്രീകൾക്കുള്ള വിശ്രമമുറി, ഫീഡിങ് റൂം എന്നിവയുമുണ്ട്. 

ട്രാൻസ്‌ജെൻഡർ ടോയ്ലറ്റുകൾ, താഴത്തെ നിലയിൽ വെയ്‌റ്റിങ് റൂം, മൾട്ടി പർപസ് റൂം, കോൺഫറൻസ് ഹാൾ, വീഡിയോ കോൺഫറൻസ് ഹാൾ, മൂന്ന് ഭാഗങ്ങളിലായി ഗോവണികൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

5338 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലാണ് കെട്ടിടം. 1285 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള താഴത്തെ നിലയിൽ താലൂക്ക് ഓഫീസും 1279 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി ഇലക്ഷൻ വിങ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ചരക്ക് സേവന നികുതി ഓഫീസ്, ഫുഡ് ആൻഡ് സേഫ്റ്റി, ലേബർ ഓഫീസ്, ഇറിഗേഷൻ, ഡെയറി, ലാൻ്റ് റെക്കോർഡ്‌സ് തുടങ്ങിയ ഓഫീസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം