ചെന്നൈയിൽ കോട്ടൂർപുരം ഗാന്ധി മണ്ഡപം റോഡിലാണ് അപകടം. അണ്ണാ സർവകലാശാലയുടെ ഗേറ്റിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിയായ നിയമ വിദ്യാർഥിനി മരിച്ചു.
പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ.വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകൾ ജിനു (21) വാണ് മരിച്ചത്. കാറുകൾ തമ്മിലിടിച്ചുണ്ടായ അപകടത്തിലാണ് മരണം.
ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർഥിനിയാണ് ജിനു.
ജിനുവും സഹപാഠികളായ പ്രിയ (21), ജഗദീപ് (21), ആർത്തിപ് (21) എന്നിവരും കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിൽ കൊണ്ടു വിട്ട് ലോ കോളേജിലേക്ക് തിരിച്ചു വരുകയായിരുന്നു.
അണ്ണാ സർവകലാശാലയ്ക്ക് സമീപമെത്തിയപ്പോൾ മുന്നിൽ സഞ്ചരിച്ചു കൊണ്ടിരുന്ന കാർ പെട്ടെന്ന് യൂ ടേൺ എടുത്തതിനാൽ തൊട്ടു പിന്നിലുണ്ടായിരുന്ന നിയമ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജിനു തെറിച്ചുവീണ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. മുന്നിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ വെങ്കിടേശി (35)നും പരിക്കുണ്ട്. ഇവരെ റോയപ്പേട്ട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിനുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം നാട്ടിൽ കൊണ്ടുവന്ന് ഇന്ന് (ബുധനാഴ്ച) തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ: ജിബിൻ.
