ഇന്ന് രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എറണാംകുളം നഗരത്തിൽ മൂന്ന് പ്രധാന പരിപാടികളിൽ പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കേ രാഷ്ട്രീയ പ്രചാരണത്തിന് പ്രാധാന്യം നൽകുന്നതാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.
സന്ദർശനത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന 'അഖില കേരള ധീവര സഭ' സംസ്ഥാന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഇതിനുപുറമെ, കേരളത്തിന്റെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി വിവിധ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഇന്ന് വൈകിട്ട് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന എൻ.ഡി.എയുടെ മഹാറാലിയാണ് സന്ദർശനത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന ഈ റാലിയിൽ നാൽപ്പതിനായിരത്തോളം എൻ.ഡി.എ പ്രവർത്തകർ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും.
റാലിക്ക് മുന്നോടിയായി നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രകടന പത്രികയും വികസന നയരേഖയും ഈ സന്ദർശനവേളയിൽ പ്രധാനമന്ത്രി പുറത്തിറക്കിയേക്കും.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയേക്കും. സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
