നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനെ ചൊല്ലി ഉയർന്നുവന്ന തർക്കത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. കോൺഗ്രസ് ഹൈക്കമാൻഡും കെ.സുധാകരനും തമ്മിൽ നടന്ന തർക്കത്തിനൊടുവിൽ ഹൈക്കമാൻഡ് കീഴടങ്ങി. ഇതോടെ സുധാകര യുദ്ധം ജയിച്ചു.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടന്ന നാടകീയമായ നീക്കങ്ങളാണ് ഹൈക്കമാൻഡിനെ മുൻ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഡൽഹിയിലെ ചർച്ചകളിൽ തന്നെ തഴയുന്നതിൽ സുധാകരൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ എട്ടു മണിയോടെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തു വന്നതോടെയാണ് സാഹചര്യം വഷളായത്. ഇതൊരു സമ്മർദ്ദ തന്ത്രം മാത്രമായാണ് ഹൈക്കമാൻഡ് ആദ്യം കരുതിയത്. പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.
സ്ക്രീനിങ് കമ്മിറ്റി എടുത്ത തീരുമാനം തനിക്ക് അനുകൂലമല്ലെന്ന സൂചന ലഭിച്ചതോടെ കെ.സി വേണുഗോപാലിനെ വിളിച്ച് ഗുഡ് ബൈ പറഞ്ഞതോടെയാണ് ഹൈക്കമാൻ്റിന് ഗൗരവം ബോധ്യമായത്.
സുധാകരന്റെ ഭാഗത്തു നിന്ന് കടുത്ത നീക്കമുണ്ടാവുമെന്ന് കണ്ടതോടെ രമേശ് ചെന്നിത്തല ഇടപെട്ടു. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. സുധാകരനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ അദ്ദേഹം എം.പി. സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചന നേതാക്കൾ ഗൗരവത്തോടെയാണ് കണ്ടത്. ഇത് ലോക്സഭയിൽ പാർട്ടിയുടെ അംഗബലം കുറയ്ക്കുമെന്നും കേരളത്തിൽ യു.ഡി.എഫിന്റെ മൊത്തത്തിലുള്ള വിജയ സാധ്യതയെ തന്നെ ബാധിക്കുമെന്നും ചെന്നിത്തല നേതൃത്വത്തെ ബോധ്യപ്പെടുത്തി.
മുതിർന്ന നേതാവായ എ.കെ ആന്റണിയും വിഷയത്തിൽ ഇടപെട്ടു. ഇടതുമുന്നണിയുമായി ജീവന്മരണ പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ സുധാകരന്റെ ജനപിന്തുണയും സ്വാധീനവും കണക്കിലെടുക്കണമെന്ന അഭിപ്രായം ശക്തമായി. ഇതോടെയാണ് സുധാകര വിജയം സംഭവിച്ചത്.
ഇന്ന് അർധരാത്രി ദെൽഹിയിൽ നിന്ന് കണ്ണൂരിൽ എത്തുന്ന കെ. സുധാകരനെ സ്വീകരിക്കാൻ അനുകൂലികൾ വൻ ഒരുക്കം തുടങ്ങിയിട്ടുണ്ട്. സുധാകരന് സീറ്റ് നൽകിയതറിഞ്ഞ് അനുകൂലികൾ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി.
