കണ്ണൂർ- യശ്വന്ത്പുർ എക്‌സ്പ്രസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് ഷൊർണൂർ റെയിൽവേ പോലീസ് സ്ഥിരീകരിച്ചു. ഗൂഡല്ലൂർ സ്വദേശി മുകേഷ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുകേഷിന്റെ കൂടെ ജോലി ചെയ്തിരുന്ന ഗൂഡല്ലൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. പാലക്കാട് ജങ്ഷന് സമീപം കാഞ്ഞിരക്കടവിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം.
പ്രതിയും ഭാര്യയും പ്രായപൂർത്തിയാവാത്ത മകളും മുകേഷും ഒരുമിച്ചാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. മംഗളൂരുവിലെ റബ്ബർത്തോട്ടത്തിൽ തൊഴിലാളികളായിരുന്നു മുകേഷും പ്രതിയും കുടുംബവും. മംഗളൂരുവിലെ പണി കഴിഞ്ഞതിനാൽ കോയമ്പത്തൂരിൽ മറ്റ് ജോലി അന്വേഷിക്കാനായി തിരിച്ചതായിരുന്നു ഇവർ.
പാലക്കാട് ജങ്ഷൻ സ്റ്റേഷൻ പിന്നിട്ട ശേഷം പ്രതി തന്റെ പ്രായപൂർത്തിയാവാത്ത മകളെ തിരഞ്ഞു നടന്നപ്പോഴാണ് മുകേഷിനൊപ്പം വാതിൽപ്പടിയിലിരിക്കുന്നത് കണ്ടത്. മകളോടൊപ്പം കണ്ടതിനെ തുടർന്ന് മുകേഷുമായി വാക്കു തർക്കമുണ്ടാവുകയും തർക്കം മൂത്ത് മുകേഷിനെ ചവിട്ടി ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളുകയായിരുന്നു. ഒരാൾ താഴെ വീണതായി മനസ്സിലാക്കി തീവണ്ടിയിലുള്ളവർ ചങ്ങല വലിച്ച് നിർത്തി വിവരം റെയിൽവേ പോലീസിൽ അറിയിച്ചു.
ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന് ശേഷം നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെയാണ് കാഞ്ഞിരക്കടവ് പുഴയോരത്ത് നിന്ന് മുകേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.
മുകേഷ് മകളോട് മോശമായി പെരുമാറി എന്നാണ് പ്രതിയുടെ മൊഴി. അതിൻ്റെ അടിസ്ഥാനത്തിൽ മരിച്ച മുകേഷിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിന് ശേഷം കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൃത്യം നടത്തുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വാക്കു തർക്കത്തെത്തുടർന്ന് മുകേഷിനെ ചവിട്ടി താഴേക്ക് തള്ളിയിടുകയായിരുന്നെന്നും ഇയാൾ സമ്മതിച്ചതായി ഷൊർണൂർ റെയിൽവേ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായും ഇൻസ്‌പെക്ടർ പറഞ്ഞു.
