എൻ.ഡി.എ പ്രവർത്തകർക്ക് ആവേശമേകാൻ ബി.ജെ.പി നേതാവും പ്രധാന മന്ത്രിയുമായ നരേന്ദ്ര മോദി പാലക്കാടും തൃശൂരുമെത്തി. ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെ നിന്ന് വാഹന വ്യൂഹത്തിൽ അദ്ദേഹം കോട്ടമൈതാനത്തേക്ക് പുറപ്പെട്ടു. മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്.ബി.ഐ ജങ്ഷൻ വരെ റോഡ് ഷോ നടന്നു. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. തുടർന്ന് കോട്ടമൈതാനത്ത് നടന്ന പൊതു സമ്മേളനത്തിൽ അദ്ദേഹം സംസാരിച്ചു.
'പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബി.ജെ.പിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു സമ്മേളനത്തിൽ പറഞ്ഞു. കേരളം പതിറ്റാണ്ടുകളായി എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളുടെ വഞ്ചനയിൽപ്പെട്ട് കിടക്കുകയാണെന്നും സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും മോദി പറഞ്ഞു.
കല്പാത്തിയിലെ വിശാലാക്ഷി സമേതനായ ശ്രീ വിശ്വനാഥ സ്വാമിയുടെ പാദങ്ങളിൽ നമസ്കരിച്ച അദ്ദേഹം, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, മന്നത്ത് പദ്മനാഭൻ തുടങ്ങിയ മഹദ്‌വ്യക്തിത്വങ്ങൾക്ക് പ്രണാമമർപ്പിച്ചു. കേരളത്തിലെ മാറിയ സാഹചര്യം താൻ നേരിട്ട് കാണുന്നുണ്ടെന്നും ബി.ജെ.പിയോടുള്ള ജനങ്ങളുടെ വിശ്വാസ്യത വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ രാഷ്ട്രീയക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു മുന്നണി അഴിമതിക്കാരാണെങ്കിൽ മറ്റേത് മഹാ അഴിമതിക്കാരാണ്. ഒരാൾ വർഗീയവാദികളാണെങ്കിൽ മറ്റൊരാൾ കൊടിയ വർഗീയവാദികളാണ്. ഇവർക്ക് വികസനത്തെക്കുറിച്ച് ചിന്തയില്ലെന്നും മോദി പറഞ്ഞു.
പാലക്കാട് എം.എൽ.എക്കെതിരെയും മോദി ആഞ്ഞടിച്ചു. പാലക്കാട് എം.എൽ.എ. സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മോദി പറഞ്ഞു. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിന്റെ കടബാധ്യത അഞ്ച് ലക്ഷം കോടിയായി വർധിച്ചു. കേന്ദ്ര സർക്കാർ നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റുകയും കൊള്ളയടിക്കുകയും ചെയ്തു. കോൺഗ്രസ് സർക്കാരിന്റെ കാലത്തേക്കാൾ അഞ്ചിരട്ടി തുകയാണ് ബി.ജെ.പി സർക്കാർ കേരളത്തിന്റെ വികസനത്തിനായി നൽകിയത്. റോഡ്, റെയിൽവേ വികസനം, ജൽ ജീവൻ മിഷൻ, പി.എം ആവാസ് യോജന തുടങ്ങിയ പദ്ധതികൾക്കായി നൽകിയ പണം ജനങ്ങളിലേക്ക് എത്തിയില്ല. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ എല്ലാ അഴിമതികളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു. പാലക്കാട്ട് സമ്മേളനത്തിന് ശേഷം മോദി തൃശൂരിലേക്ക് പുറപ്പെട്ടു.
കേരളത്തിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് തൃശൂരിലും പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നു. സ്വരാജ് റൗണ്ടിൽ നടന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകരും അനുയായികളും പങ്കെടുത്തു.
പാലക്കാട്ടെ പരിപാടികൾക്ക് ശേഷം കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഹെലിപാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിച്ചാണ് സ്വരാജ് റൗണ്ടിലെത്തിയത്. റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം നീങ്ങിയത്. തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ, സി.സി. മുകുന്ദൻ, കെ.കെ.അനീഷ് കുമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.


