കാലിൽ ചവിട്ടിയതിന് ജീവനെടുത്തു: കൊട്ടിയം ഉത്സവത്തിനിടെ യുവാവിന് ദാരുണാന്ത്യം.

കൊട്ടിയം ഉത്സവ കെട്ടുകാഴ്‌ചക്കിടെയാണ് സംഭവം. ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്ത യുവാവ് കാലിൽ ചവിട്ടി എന്നാരോപിച്ചാണ്  19കാരനെ നടുറോഡിൽ കുത്തിക്കൊന്നത്. മുഖത്തല കിഴവൂർ സജീവ മന്ദിരത്തിൽ പരേതനായ  സജീവിന്റെ മകൻ അമ്പാടി എന്ന തേജസിനെയാണ് (19) അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. 

ശനിയാഴ്ച രാത്രി നടന്ന  സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂരിലെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ച‌ക്കിടെയായിരുന്നു ആക്രമണം. പ്രതികളുടെ വീടിന് സമീപത്തുകൂടി  കടന്നുപോയ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുകയായിരുന്ന തേജസ് പ്രതികളിലൊരാളുടെ കാലിൽ അറിയാതെ ചവിട്ടി. ഇതിൽ പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദ്ദിച്ചു.

ആദിത്യൻ കത്തി കൊണ്ട് തേജസിൻ്റെ വയറ്റിലും  ഇടുപ്പിലും മൂന്നുതവണ കുത്തി. വലിയ ശബ്ദം കാരണം തേജസിന്റെ നിലവിളി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കൃത്യത്തിനുശേഷം പ്രതികൾ സ്‌ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ വീണതാകാം എന്ന ധാരണയിൽ ഫ്ലോട്ട് കടന്നുപോയ ശേഷം ചിലർ തേജസിനെ റോഡരികിലേക്ക് നീക്കിക്കിടത്തി. 

അതുവഴി വന്ന സുഹൃത്തുക്കൾ തേജസിനോട് വിവരം തിരക്കിയപ്പോഴാണ് കുത്തേറ്റ വിവരം പറഞ്ഞത്. വാഹനങ്ങൾക്ക് കൈ കാണിച്ചിട്ട് പലരും നിർത്താത്തതിനാൽ പിക് അപ് ഓട്ടോറിക്ഷയിലാണ് പാലത്തറ സഹകരണ ആശുപത്രിയിൽ എത്തിച്ചത്. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.30ഓടെ മരിച്ചു.

ഒളിവിൽ പോയ പ്രതികളെ വെളിച്ചിക്കാലയിലെ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് കൊട്ടിയം പൊലീസ് പിടികൂടി. കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ (19), വിനു (26), പ്രിജിത്, അഖിൽരാജ് (29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.

ചാത്തന്നൂർ എ.സി.പി അനുരൂപിൻ്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ട‌ർ അജിത്കുമാർ, എസ്.ഐ കെ.സൗരവ്, സി.പി.ഒ ഹരിഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളുമാണ് ഞായറാഴ്‌ച പ്രതികളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. മറ്റ് നാലുപേരെ കോടതി റിമാൻ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം