മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്‌ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വടകരയിൽ നിന്ന് തുടർച്ചയായി ആറ് തവണ ലോകസഭയിലെത്തിയ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായിരുന്നു.
പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1971ലാണ് വടകരയിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1977, 1980, 1984, 1989, 1991 വർഷങ്ങളിലും വടകരയുടെ പ്രതിനിധിയായി പാർലമെൻ്റിലെത്തി. 1989-90 കാലഘട്ടത്തിൽ വി.പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, കമ്മ്യൂണിക്കേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി സേവനമനുഷ്‌ഠിച്ചു.
വി.കെ കൃഷ്ണമേനോൻ്റെ അടുത്ത അനുയായിയായിരുന്ന ഉണ്ണികൃഷ്‌ണൻ ഒരുകാലത്ത് ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തനായിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ടു. കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) എന്നീ പാർട്ടികളിൽ സജീവമായ അദ്ദേഹം പിന്നീട് 1995-ലാണ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയത്.
