യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രധാന വിമാനത്താവളങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് പരിമിതമായ തോതിൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്‌ച ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് മേഖലയിലെ വ്യോമപാതകൾ അടച്ചിട്ടിരുന്നു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. നിലവിൽ എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എങ്കിലും നിലവിൽ ബുക്കിംഗ് ഉള്ളവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമായിരിക്കും മുൻഗണന നൽകുക. അബുദാബിയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി എത്തിഹാദ് എയർവേയ്‌സും ചില സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ സർവീസുകൾ പൂർണ്ണതോതിലാക്കൂ എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
