ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കളക്ടറായി ചുമതലയേറ്റു; അർജുൻ പാണ്ഡ്യൻ കാസർക്കോട്ടേക്ക്

തൃശൂരിലെ പുതിയ ജില്ലാ കളക്ടറായി ശിഖ  സുരേന്ദ്രൻ ചുമതലയേറ്റു.  കാസർക്കോട്ടേക്ക് സ്ഥലം മാറി പോകുന്ന കലക്ടർ അർജുൻ പാണ്ഡ്യനിൽ നിന്നാണ് ചുമതലയേറ്റത്. ജില്ലയുടെ വികസന പദ്ധതികൾക്കും പൊതുജന പ്രശ്നങ്ങൾക്കും മുൻഗണന നൽകുമെന്ന് ശിഖ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും നല്ല ജില്ലാ കളക്ടർക്കുള്ള അവാർഡ് ലഭിച്ചതിനു പിറകെയാണ് അർജുൻ പാണ്ഡ്യൻ സ്ഥലം മാറിപ്പോകുന്നത്. അർജുൻ പാണ്ഡ്യൻ കളക്ട്രേറ്റിലെ എല്ലാ സെക്ഷനുകളിലും ഓഫീസുകളിലും നേരിട്ടെത്തി നന്ദി പറഞ്ഞു. ജോലിയിൽ മികവ് തെളിയിച്ച ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ജീവനക്കാരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്താണ് കളക്ടർ മടങ്ങിയത്. 

തൃശ്ശൂര്‍ ജില്ലയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് വിവിധ വകുപ്പുകളും സംഘടനകളും യാത്രയയപ്പ് നല്‍കി. ഏറ്റവും മികച്ച ജില്ലാ കളക്ടര്‍ക്കുള്ള റവന്യു പുരസ്‌ക്കാരവും വനിത ശിശു വികസന വകുപ്പിന്റെ മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരവും ഇലക്ഷന്‍ കമ്മീഷന്റെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുള്ള പുരസ്‌കാരവും സംസ്ഥാനത്തെ മികച്ച കളക്ടറേറ്റിനുള്ള പുരസ്‌കാരവും തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന് നേടിക്കൊടുത്താണ് അര്‍ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ കളക്ട്രേറ്റില്‍ നിന്നും പടിയിറങ്ങുന്നത്.

പുതുതായി ചുമതലയേറ്റ ശിഖ സുരേന്ദ്രൻ കോലഞ്ചേരി സ്വദേശിയാണ്. ഒറ്റപ്പാലം സബ് കളക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ജില്ലാ വികസന കമ്മീഷണറായും ടൂറിസം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.  2018 കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.  

തൃശൂർ ജില്ലയുടെ ചുമതലയേൽക്കുന്ന 48–ാം കലക്ടറാണ് ശിഖ.  2023ൽ സ്ഥലം മാറിപ്പോയ ഹരിത വി.കുമാറിനു ശേഷം ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന വനിതാ കലക്ടറും ശിഖയാണ്. 

എറണാകുളം കോലഞ്ചേരി വടയമ്പാടി സ്വദേശിയായ ശിഖ സുരേന്ദ്രൻ 2018ൽ 16–ാം റാങ്കോടെയാണ് സിവിൽ സർവീസ് നേടിയത്. ദേശീയതലത്തിൽ 16–ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും നേടി.

‌2019 മേയിൽ കോട്ടയം അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2020 സെപ്റ്റംബറിൽ കൊല്ലം സബ് കലക്ടർ, 2021ൽ ഒറ്റപ്പാലം സബ് കലക്ടർ ചുമതലകൾ വഹിച്ചു. പിന്നീട് ആരോഗ്യ– കുടുംബക്ഷേമ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറിയും കേരള ലൈഫ് മിഷൻ സി.ഇ.ഒയുമായി. 

കോലഞ്ചേരി സെന്റ് പോൾസ് സ്കൂൾ, സെന്റ് പീറ്റേഴ്സ് സ്കൂൾ‍, കടയിരുപ്പ് ഗവ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പഠനം.  പ്ലസ്ടുവിൽ മലയാളത്തിൽ മുഴുവൻ മാർക്കും (100) നേടിയിരുന്നു. കോതമംഗലം എം.എ എൻജിനീയറിങ് കോളജിൽ നിന്നു മികച്ച വിദ്യാർഥിക്കുള്ള മെഡലോടെ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.  തുടർന്ന് മലയാളം പ്രധാന വിഷയമായി തിരഞ്ഞെടുത്താണ് സിവിൽ സർവീസ് എഴുതിയത്.

വടയമ്പാടി കാവനാക്കുടിയിൽ പരേതനായ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്.  ഭർത്താവ്: അനൂപ് അച്യുതൻ.  മകൾ: സാൻവി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം