പ്രവാസി വ്യവസായി വി.പി മുഹമ്മദലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് തെളിവെടുപ്പ് തുടരുന്നു. വ്യവസായിയുടെ പിതാവിൻ്റെ സഹോദരൻ്റെ മകൻ മലപ്പുറം പൂങ്ങോട് പിടിയേക്കൽ വീട്ടിൽ സിയാസിനെ(54)യാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ഡിസംബർ ആറിന് കൂറ്റനാട്- ചെറുതുരുത്തി റോഡിൽ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപത്തു നിന്നാണ് മുഹമ്മദലി സഞ്ചരിച്ച ആഡംബര കാർ തടഞ്ഞു നിർത്തി തോക്കുചൂണ്ടി മറ്റൊരു കാറിൽ തട്ടിക്കൊണ്ടുപോയത്.
മുഹമ്മദാലിയുടെ വാഹനത്തെ പിന്തുടർന്ന് എത്തിയ ക്രിമിനൽ സംഘമാണ് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചത്. ഡ്രൈവറുടെ മൊഴി പ്രകാരം പോലീസ് ജില്ലയ്ക്കകത്തും പുറത്തും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പ്രതികളിലൊരാളെ പിടികൂടിയത്. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഒരാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികളിലേക്കും മുഖ്യ പ്രതി സിയാസിലേക്കും അന്വേഷണം എത്തിയത്.
ഒരു കാലത്ത് മുഹമ്മദാലിയുടെ വിശ്വസ്തനും, അദ്ദേഹത്തിന്റെ പല ബിസിനസ്സുകളും നോക്കി നടത്തുകയും ചെയ്തിരുന്ന ആളാണ് സിയാസ്. ഇതിനിടെ സിയാസ് നടത്തി വന്നിരുന്ന തട്ടിപ്പുകള്‍ 72 കാരനായ വി.പി മുഹമ്മദാലി കണ്ടെത്തുകയും ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. ഇതോടെ സിയാസിന്റെ വരുമാനം നിലയ്ക്കുകയും കടക്കെണിയിലകപ്പെടുകയും ചെയ്തു.
ഇതിന്റെ പക വീട്ടുന്നതിനും, മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വലിയൊരു തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടിയുമാണ് പ്രതിയും കൂട്ടാളികളും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പറയപ്പെടുന്നത്. കുടുംബ സമേതം സൗദിയിൽ താമസിക്കുന്ന വി.പി മുഹമ്മദാലിക്ക് കേരളത്തിനകത്തും പുറത്തും ആശുപത്രി ശ്യംഖലകളും ഇൻ്റർ നാഷണൽ സ്കൂളുകളുമുണ്ട്.
വി.പി.എം ഇൻ്റർനാഷണൽ ഗ്രൂപ്പ് മേധാവിയായ വലിയ പീടികയ്ക്കൽ മുഹമ്മദലി ബിസിനസ് ചുമതലകളിൽ നിന്ന് മാറ്റിയതിൻ്റെ വൈരാഗ്യത്തിനൊപ്പം മോചനദ്രവ്യം കൂടി ലക്ഷ്യമിട്ടായിരുന്നു സിയാസ് തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറയുന്നു. എഴുപത് കോടി രൂപയാണ് മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടത്.
തട്ടിക്കൊണ്ടു പോയശേഷം പനമണ്ണ കോതകുർശി പത്തംകുളം കുണ്ടടിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് മുഹമ്മദലിയെ തടങ്കലിൽ പാർപ്പിച്ചു ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. സംഘത്തിലുള്ളവർ മദ്യപിച്ച് അബോധാവസ്ഥയിലായതോടെ മുഹമ്മദാലി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള പള്ളിയിലാണ് അഭയം തേടിയത്. ശരീരമാകെ പരിക്കേറ്റ മുഹമ്മദലി ദിവസങ്ങളോളം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിയാസ് ഉൾപ്പെടെ കേസിൽ നേരിട്ടും അല്ലാതെയും പങ്കാളികളായ 15 പേർ ഇതിനകം പിടിയിലായിട്ടുണ്ട്. തൃശൂർ റേഞ്ച് ഐ.ജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളാണ് അന്വേഷണത്തിന് നിയോഗിച്ചത്.
കേരളത്തിനകത്തും പുറത്തും സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും, കടത്തിക്കൊണ്ട് പോകലിന് നേതൃത്വം നല്‍കിയ ക്രിമിനലുകളെ പിടികൂടുകയും ചെയ്തു.
പോലീസിന്റെ തുടരന്വേഷണത്തിന്റെ വാള്‍മുന തനിക്ക് നേരെയാണെന്ന് അറിഞ്ഞ മുഖ്യപ്രതി സിയാസ് ഈ സമയം വിദേശത്തേക്ക് കടക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വളരെ തന്ത്രപൂര്‍വം ഇയാളെ പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ ബന്ധു വീട്ടില്‍ നോമ്പു തുറയ്ക്ക് എത്തിയ സമയത്തായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മാർച്ച് 30 ന് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
