സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകരാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വോട്ടെടുപ്പിന് ഇനി 11 ദിവസം മാത്രമാണുള്ളത്. പാലക്കാടും തൃശൂരിലും മോദി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.
കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്ററിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചക്ക് 2.30ന് പാലക്കാട് മേഴ്സി കോളജ് ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടക്കും. മിഷൻ സ്കൂൾ ജങ്ഷൻ മുതൽ എസ്.ബി.ഐ ജങ്ഷൻ വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. തുടർന്ന് കോട്ടമൈതാനത്ത് പൊതുസമ്മേളനം നടക്കും.
പൊതുസമ്മേളനത്തിനായി 12 മണി മുതൽ ആളുകളെ പ്രവേശിപ്പിക്കു. പാലക്കാട് കോട്ട മൈതാനത്ത് 12 മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികൾക്കും വേണ്ടി മോദി വോട്ടഭ്യർത്ഥിക്കും. എന്‍.ഡി.എ ദേശീയ- സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
പാലക്കാട്ടെ പൊതു സമ്മേളനത്തിന് ശേഷം നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി പ്രധാനമന്ത്രി യാത്ര തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് പാലക്കാടും തൃശൂരും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച രാവിലെമുതൽ പരിപാടി അവസാനിക്കുന്നതുവരെ പാലക്കാട്ടെ പ്രധാന റോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. വാഹനങ്ങൾ വഴി തിരിച്ചുവിടും.
തൃശൂർ കുട്ടനല്ലൂര്‍ ഹെലിപാഡില്‍ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തൃശ്ശൂരില്‍ ജില്ല ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിന് മുന്‍വശം സമാപിക്കും. ജില്ലയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഇരുജില്ലകളിലും ഒരുക്കിയിരിക്കുന്നത്.
പാലക്കാട്ടെ ഗതാഗ നിയന്ത്രണം
വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്ന് സ്വകാര്യ ബസുകൾ ദേശീയപാത, ചന്ദ്രനഗർവഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും.
വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്നുവരുന്ന എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളും കണ്ണനൂർവഴി തിരിഞ്ഞ് തിരുനെല്ലായി, തങ്കം ജങ്ഷൻ, യാക്കര, തോട്ടിങ്ങൽ വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിച്ച് തിരിച്ചും അതുവഴി പോകണം.
കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്നുവരുന്ന കെ.എസ്.ആർ.ടി.സി ബസുകളും തമിഴ്‌നാട് ബസുകളും കാഴ്ചപ്പറമ്പ്, പുഴയ്‌ക്കൽ, യാക്കര ഡി.പി.ഒ വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിക്കയും അതുവഴിതന്നെ തിരിച്ചും പോകണം.
കൊടുമ്പ്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ, ഭാഗങ്ങളിൽ നിന്നുവരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാങ്കോട്ടു നിന്നുതിരിഞ്ഞ് ദേശീയ പാതവഴി ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. അതുവഴി തന്നെ തിരിച്ചും പോകണം.
തേങ്കുറുശ്ശി, നെന്മാറ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ കാഴ്ചപ്പറമ്പ് ജങ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് ദേശീയപാത, ചന്ദ്രനഗർവഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെ.
കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗത്തുനിന്നു വരുന്ന എല്ലാ ബസുകളും മറ്റ് വാഹനങ്ങളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുത്തറ വഴി വിക്ടോറിയ കോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് സ്റ്റേഡിയം സ്റ്റാൻഡിലേക്കുമുള്ള വാഹനങ്ങൾ അതത് സ്റ്റാൻഡിലേക്ക് തിരിഞ്ഞു പോകണം. യാത്രക്കാരെ കയറ്റി തിരിച്ചും ഈ വഴിതന്നെ പോകണം.
കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശേരി ഭാഗത്തു നിന്നുവരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട്ടുനിന്ന് ബൈപ്പാസ് വഴി കൽമണ്ഡപം, ചന്ദ്രനഗർ വഴി ദേശീയ പാതയിലൂടെ കാഴ്ചപ്പറമ്പിലെത്തി വലത്തോട്ടു തിരിഞ്ഞ് പുഴയ്‌ക്കൽ, യാക്കര, ഡി.പി.ഒ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിക്കണം. അതുവഴിതന്നെ തിരിച്ചുപോകണം.
സ്വകാര്യ ബസുകൾ ഒലവക്കോട്ടുനിന്ന് ശേഖരിപുരം, വിക്ടോറിയ കോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ സ്റ്റാൻഡിലേക്കും സ്റ്റേഡിയം സ്റ്റാൻഡിലേക്കുമുള്ള ബസുകൾ അതത് സ്റ്റാൻഡുകളിലേക്ക് തിരിഞ്ഞു പോകണം. യാത്രക്കാരെ കയറ്റി അതേ വഴിയിലൂടെ തിരിച്ചു പോകണം.
തൃശൂരിൽ ഗതാഗത നിയന്ത്രണം
തൃശൂർ നഗരത്തിൽ ഞായറാഴ്ച കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകുന്നേരം ആറര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതു പൊതുജനം ഒഴിവാക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. വൈകുന്നേരം പ്രധാനമന്ത്രിയുടെ റോഡ് ഷോ കഴിയും വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.
കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ, മണ്ണുത്തി, തൃശൂർ റോഡിന്റെ ഇരുവശത്തും പാർക്കിംഗ് നിരോധിച്ചു. മുനിസിപ്പൽ ഓഫീസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണ് പൊതുജനത്തിന് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല.
തൃശൂർ ജില്ലയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തൃശൂർ കോര്‍പറേഷന്‍ പരിധിയിലെ എയര്‍ സ്‌പേയ്‌സില്‍ പ്രൈവറ്റ് ഹെലികോപ്റ്റര്‍, ഡ്രോണ്‍, ഹാംഗ് ഗ്ലൈഡറുകള്‍ എന്നിവയുടെ ഉപയോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
