സംസ്ഥാനത്ത് മീനച്ചൂടിൻ്റെ മൂർധന്യത്തിൽ പരീക്ഷാച്ചൂടൊഴിഞ്ഞ കുട്ടികൾ മധ്യവേനലവധിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
തിങ്കളാഴ്ച ബയോളജി പരീക്ഷയോടെ എസ്.എസ്.എൽ.സി പരീക്ഷ സമാപിച്ചിരുന്നു. ഒന്നുമുതൽ ഒമ്പതു വരെയുള്ള ക്ലാസുകളുടെ പരീക്ഷയും പൂർത്തിയാക്കി ചൊവ്വാഴ്ച സ്‌കൂൾ അടച്ചു. കേരളത്തിൽ 4,17,497 കുട്ടികളാണ് എസ്.എസ്.എൽ.സി എഴുതിയത്. ഗൾഫ് മേഖലയിലെ കുട്ടികളുടെ പരീക്ഷ പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു.
ഒരു ഭാഗത്ത് പരീക്ഷാച്ചൂട് കഴിഞ്ഞതിന്റെ ആശ്വാസമുണ്ടെങ്കിലും മറുഭാഗത്ത് കൂട്ടുകാരെ പിരിയുന്നതിൻ്റെ സങ്കടമുണ്ട്. ഇനി രണ്ടു മാസത്തെ അവധിക്കാലം. പരസ്പരം കെട്ടിപ്പിടിച്ചും കരഞ്ഞും നിറങ്ങൾ വാരി വിതറിയുമാണ് ഹൈസ്‌കൂൾ കാലഘട്ടത്തിന്റെ അവസാന ദിവസത്തോട് വിദ്യാർഥികൾ വിടപറഞ്ഞത്. പത്താം ക്ലാസിൽ പരിഷ്കരിച്ച പാഠ പുസ്തകങ്ങൾ വന്നശേഷമുള്ള ആദ്യ എസ്.എസ്.എൽ.സി പരീക്ഷയാണ് കഴിഞ്ഞത്.
പാലക്കാട് ജില്ലയിൽ 39,121 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 19,262 ആൺകുട്ടികളും 18,620 പേർ പെൺകുട്ടികളുമാണ്. 193 കേന്ദ്രങ്ങളിലായാണ് ജില്ലയിൽ പരീക്ഷ നടന്നത്. ചോദ്യ പേപ്പറിന്റെ നിലവാരവും ഇക്കൊല്ലം ഉയർത്തിയിരുന്നു. വ്യത്യസ്ത മാതൃകകൾ ഇത്തവണ പരീക്ഷിച്ചിരുന്നു. ഐ.ടി പരീക്ഷയിൽ നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിയത് പ്രധാന പ്രത്യേകതയാണ്. പരിഷ്‌കരിച്ച സിലബസ് പുതിയ അനുഭവം ആയിരുന്നെന്നും ചോദ്യപേപ്പറുകൾ മുൻവർഷത്തെ അപേക്ഷിച്ച് വ്യത്യസ്തമായിരുന്നെന്നും വിദ്യാർഥികൾ പറയുന്നു.
സംസ്ഥാനത്ത് 4,17,497 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 3,031 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,11,025 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതി. 34,122 വിദ്യാർഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയും എഴുതി. പ്ലസ് വൺ പരീക്ഷ മാർച്ച് 27നും പ്ലസ് ടു പരീക്ഷ 28നും അവസാനിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ ആറിന് ആരംഭിക്കും. എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 16ന് ആരംഭിച്ച് മെയ് രണ്ടിന് പൂർത്തിയാകും. മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനമുണ്ടാകും. പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന് നടത്തും.
