ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത് റിമാൻ്റിൽ; എല്ലാം തെളിയുമെന്ന് പ്രതികരണം

കാരവനിൽ വെച്ച് കയറി പിടിച്ചെന്ന യുവനടിയുടെ പരാതിയെ തുടർന്ന്  റിമാൻ്റിലായ രഞ്ജിത്തിനെ ജയിലിലടച്ചു. രഞ്ജിത്തിന്റെ ഏറ്റവും പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയിരിക്കുന്നത്.

തൊടുപുഴയിൽ വെച്ച് ഇന്നലെ രാത്രിയാണ് രഞ്ജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നടന്റെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് കസ്റ്റഡിയിൽ എടുത്തത്.  അതീവ രഹസ്യമായ നീക്കങ്ങളാണ് രഞ്ജിതിനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് സ്വീകരിച്ചത്.

അറസ്റ്റ് വിവരം രഹസ്യമായിരിക്കാൻ ജാഗ്രതയോടെയായിരുന്നു പൊലീസിൻ്റെ ഇടപെടൽ.  തുടർന്ന് കൊച്ചിയിൽ എത്തിച്ച് ഇന്നുരാവിലെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കി. റിമാൻ്റ് ചെയ്‌ത രഞ്ജിത്തിനെ ജയിലിലേക്ക് മാറ്റി.  ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ എല്ലാം തെളിയുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള രഞ്ജിത്തിന്റെ പ്രതികരണം. 

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിൻ്റെ നേത്വത്തിലായിരുന്നു അന്വേഷണം.  നേരത്തേ രഞ്ജിത്തിനെതിരെ രണ്ടു ലൈംഗിക പീഡന പരാതികൾ ഉയർന്നിരുന്നു. പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ എന്ന സിനിമയിൽ അഭിനയിക്കാൻ വന്ന ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു ആദ്യ പരാതി. സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ. ശരീരത്തിൽ മോശമായി സ്‌പർശിച്ചു. തുടർന്ന് മുറിയിൽനിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും നടി മൊഴി നൽകി. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറത്തുവന്നതിന് പിന്നാലെയുള്ള ആദ്യ പരാതിയായിരുന്നു ഇത്. തുടർന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചിരുന്നു.  എന്നാൽ, 2025 ഒക്ടോബറിൽ രഞ്ജിത്തിന്റെ ഹരജിയിൽ നടിയുടെ കേസ് ഹൈകോടതി റദ്ദാക്കുകയായിരുന്നു. 

2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി കേസ് റദ്ദാക്കിയത്. എന്നാൽ, ബംഗാളി നടി കള്ളം പറയുകയാണെന്നായിരുന്നു ഈ കേസിൽ രഞ്ജിത്തിന്റെ പ്രതികരണം.

ബംഗളൂരുവിൽവെച്ച് പീഡിപ്പിച്ചുവെന്ന് കാട്ടി കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയായിരുന്നു രഞ്ജിത്തിനെതിരായ രണ്ടാമത്തെ കേസ്. ബാവുട്ടിയുടെ നാമത്തിൽ സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നുമായിരുന്നു യുവാവിന്റെ പരാതി. എന്നാൽ ആക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് യുവാവ് പരാതി നൽകിയതെന്നും ആരോപണങ്ങളിൽ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി കർണാടക ഹൈകോടതി കേസ് റദ്ദാക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം