ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് നടൻ ഗോപിനാഥ് പാലഞ്ചേരി രൂപപ്പെടുത്തിയ ഏക പാത്ര നാടകം 'മരണമൊഴി' ഇരുന്നൂറ് വേദികൾ പിന്നിട്ടു.
2024 ഡിസംബർ 7 ന് കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷിക്കാരുടെ മുന്നിലായിരുന്നു ആദ്യ അവതരണം. തുടർന്ന് കോളേജുകൾ, ഹയർ സെക്കണ്ടറി സ്കൂളുകൾ തുടങ്ങി നിരവധി വേദികളിൽ തുടർച്ചയായി നാടകം അവതരിപ്പിച്ചു.
പാലക്കാട്, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും 'മരണമൊഴി' അരങ്ങേറി. ജനമൈത്രി പോലീസ്, എക്സൈസ് തുടങ്ങിയവരുടെ ലഹരി വിരുദ്ധ ക്ലാസുകളുടെ ഭാഗമായും നിരവധി ഇടങ്ങളിൽ നാടകം അവതരിപ്പിച്ചു.
ചാലിശ്ശേരിയിൽ മന്ത്രിമാർ പങ്കെടുത്ത പഞ്ചായത്ത് ദിനാഘോഷ വേദിയിലും നാടകം അരങ്ങുണർത്തി. മന്ത്രി എം.ബി രാജേഷിൻ്റെ ആദരം ഗോപിനാഥ് ഏറ്റുവാങ്ങി. തുടർന്ന് ദേശീയ സരസ് മേളയിൽ ജില്ലാ കളക്ടറിൽ നിന്നും ആദരം ലഭിച്ചു.
പതിനായിരങ്ങളിൽ ലഹരി വിരുദ്ധ സന്ദേശമെത്തിച്ചു കൊണ്ട് ഗോപിനാഥ് പാലഞ്ചേരി ഏകപാത്ര നാടകവുമായി യാത്ര തുടരുകയാണ്. നടൻ, രചയിതാവ്, സംവിധായകൻ എന്നീ നിലകളിലും ഗോപിനാഥ് ശ്രദ്ധേയനാണ്.
ഗോപിനാഥ് പാലഞ്ചേരി കലാസപര്യ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടു. സാമൂഹ്യ പ്രതിബദ്ധതയോട് വിട്ടുവീഴ്ച ചെയ്യാതെയാണ് ഗോപിനാഥ് പാലഞ്ചേരി കലാസപര്യ തുടരുന്നത്. യുവതലമുറയെ കീഴ്പ്പെടുത്തി നശിപ്പിക്കുന്ന മാരക വിപത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് നാടക സഞ്ചാരം.
ലഹരി ഉപയോഗം മൂലം നശിച്ചു പോകുന്ന ഒരു ചെറുപ്പക്കാരന്റേയും കുടുംബത്തിന്റെയും ദയനീയ ചിത്രം ഹൃദയ ദ്രവീകരണക്ഷമമായി അവതരിപ്പിക്കുന്നതാണ് ഈ നാടകം.
20 മിനിട്ടു മാത്രം ദൈർഘ്യമുള്ള ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി കാണികളെ ബോധ്യപ്പെടുത്തുന്നതിൽ പാലഞ്ചേരി പൂർണ വിജയം നേടുന്നു.
മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ 'നൻമ' (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ്) വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടത്തിയ സംസ്ഥാന തല സർഗോത്സവത്തിൽ ഏക പാത്ര നാടക മത്സരത്തിൽ മരണമൊഴി ഒന്നാം സ്ഥാനം നേടി.
തനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം ലഹരിയാണ്. നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒട്ടും വീര്യം ചോരാത്ത ആ ലഹരിയാണ് തന്നെ നിലനിർത്തുന്നതെന്ന് കരുതുകയാണ് ഗോപിനാഥ് പാലഞ്ചേരി.
സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് മുഖത്ത് ചായം തേക്കാൻ. നാടക കൂട്ടായ്മകളുടെ ഭാഗമായി ചാലിശ്ശേരിയിലെയും അയൽ ഗ്രാമങ്ങളിലെയും അരങ്ങുകളിലൂടെ നാട് ചുറ്റി നാടകം പഠിച്ച കാലമായിരുന്നു അത്.
ഒരു നടൻ എന്ന നിലയിൽ അത്യാവശ്യം അറിയപ്പെടാൻ തുടങ്ങിയതോടെ പ്രൊഫഷണൽ നാടകങ്ങളിലേക്ക് ചുവടുമാറ്റം നടത്തി, അങ്കമാലി സംഗമം, ഗുരുവായൂർ വിശ്വഭാരതി, പാലക്കാട് സമന്വയ എന്നീ സമിതികളിലാണ് പ്രധാനമായും സഹകരിച്ചിട്ടുള്ളത്. അതിൽ തന്നെ ഗുരുവായൂർ വിശ്വഭാരതിയുടെ ഏറെ പ്രശസ്തമായ "കുറൂരമ്മ" എന്ന നാടകത്തിൽ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് പാലഞ്ചേരിക്ക് നാടകരംഗത്ത് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തത്.
ഒരു മുഴുവൻ സമയ നാടക പ്രവർത്തകനായി വേദികളിൽ നിന്നും വേദികളിലേക്ക് പോകാൻ അവസരം ലഭിച്ചിട്ടും വൈതരണികളുടെ കടമ്പ താണ്ടാൻ കഴിഞ്ഞില്ല. വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ മുന്നിൽ നിറഞ്ഞാടിയപ്പോൾ ഇടയ്ക്കൊരു പിന്മാറ്റം നടത്തി. എങ്കിലും നാട്ടിലെ വേദികളിൽ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുമായും സജീവമായിരുന്നു. കെ.മോദരന്റെ "പാട്ടബാക്കി" എന്ന നാടകം 86 വർഷത്തിനുശേഷം ചാലിശ്ശേരിയിൽ പുനരവതരിപ്പിക്കുകയുണ്ടായി. അതിലെ ക്രൂരനായ കാര്യസ്ഥൻ രാമൻ നായരുടെ വേഷം ഗോപിനാഥിന് വളരെയേറെ പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയുണ്ടായി.
ഏകദേശം നൂറിനടുത്ത് നാടകങ്ങളും, മുപ്പതോളം ഹ്രസ്വ ചിത്രങ്ങളിലും, നാല് പരസ്യ ചിത്രങ്ങളിലും ഏഴു ദേശങ്ങൾക്കുമകലെ, ഒരു ദേശ വിശേഷം, മേരെ പ്യാരെ ദേശ് വാസിയോം, സമീർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് എം.ടിയുടെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന "ശിലാലിഖിതം" എന്ന ചിത്രത്തിലാണ്.
സാമൂഹ്യ ബോധവത്കരണത്തിന് നാടകം പോലെ ഏറ്റവും അനുയോജ്യമായ മറ്റൊരു ആർട്ട് ഫോം ഇല്ല എന്ന തിരിച്ചറിവും, ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള മാധ്യമം എന്ന നിലയിലുമാണ് മരണമൊഴി എന്ന ഏകപാത്ര നാടകം രൂപപ്പെട്ടതെന്ന് ചാലിശ്ശേരി സ്വദേശിയായ ഗോപിനാഥ് പറയുന്നു.



