തൂത്തൂക്കുടിയിൽ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന് ഒടുവിലാണ് ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ പ്രതിയെ പൊലീസ് കണ്ടെത്തിയത്‌. രാമനാഥപുരം സായൽകുടി സ്വദേശി ധർമ മുനീശ്വരൻ (മാവീരൻ-37) ആണ്  അറസ്റ്റിലായത്.

വിലാത്തിക്കുളം കുളത്തൂർ വേദനാഥത്തിലെ 17 വയസ്സുള്ള പ്ലസ്ടു വിദ്യാർത്ഥിനിയെ മാർച്ച് 10നാണ് കാണാതായത്.

പിറ്റേന്ന് കുട്ടിയുടെ മൃതദേഹം തൂത്തുക്കുടിയിലെ കുളത്തൂരിൽ വനമേഖലയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയായതായി പൊലീസ് സ്ഥിരീകരിച്ചു. 

കൊലപാതകിയെ അറസ്റ്റ് ചെയ്യാതെ പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് കാണിച്ച് കുടുംബവും നാട്ടുകാരും രാഷ്ട്രീയ പാർട്ടിക്കാരും പ്രതിഷേധിച്ചിരുന്നു. തുടർന്ന് കോടതി ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും 2022ൽ സമാന കുറ്റകൃത്യം ചെയ്തിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം കനത്തതോടെ, പത്ത് പ്രത്യേക ടീമുകൾ രൂപീകരിച്ചായിരുന്നു അന്വേഷണം. കൃത്യം നടന്ന സ്ഥലത്ത് സി.സി.ടി.വി കാമറകൾ ഇല്ലായിരുന്നെങ്കിലും, സമീപ പ്രദേശങ്ങളിലെ 98 സി.സി.ടി.വി റെക്കോർഡുകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്.

അന്വേഷണത്തിനിടെ, കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം കണ്ടെത്തിയ ഒരു മോട്ടോർ സൈക്കിൾ വഴിത്തിരിവായി. രാമനാഥപുരം ജില്ലയിലെ പാർത്ഥിബനൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കാറ്റാടിപ്പാടങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതി മോട്ടോർ സൈക്കിൾ ഓടിക്കുന്നത് പോലീസിന് തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും സഹായിച്ചു.

പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അന്വേഷകർ പറഞ്ഞു.  കീഴ്ഈരലിൽ കവർച്ചയ്ക്കും ലൈംഗികാതിക്രമത്തിനും ശേഷം 65 വയസ്സുള്ള ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 2020ൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.  2024ൽ തൂത്തുക്കുടി മഹിളാ കോടതി ഇയാളെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

2024 ഡിസംബർ 18ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, കോടതി നിർദ്ദേശ പ്രകാരം ഡിസംബർ 24 മുതൽ മഹിളാ കോടതിയിൽ ഒപ്പിട്ടു വന്നിരുന്നു.

സ്കൂൾ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം