ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പട്ടാമ്പി നഗരസഭ സംഘടിപ്പിച്ച 'ചിറക്' പ്രത്യേക വാർഡ് സഭയിൽ വിവിധ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.പി ഷാജി പ്രഖ്യാപനം നിർവഹിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നഗരസഭയിൽ ഉടൻ തന്നെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബഡ്‌സ് സ്കൂളും സമഗ്ര പുനരധിവാസ കേന്ദ്രവും പ്രത്യേക കലാമേളയും ഉല്ലാസയാത്രയും സംഘടിപ്പിക്കും. ഇതിന് ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കും.
നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ അസ്‌ന ഹനീഫ അധ്യക്ഷയായി. ഭിന്നശേഷി സൗഹൃദ നഗരമെന്ന ലക്ഷ്യത്തിലേക്ക് നഗരസഭ കുതിക്കുകയാണെന്ന് അവർ പറഞ്ഞു.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ ഇനി പറയുന്നു: ഭിന്നശേഷി കുട്ടികൾക്കായി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ഉൾപ്പെട്ട ആധുനിക തെറാപ്പി സെന്റർ സ്ഥാപിക്കും.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുടങ്ങും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിൽ കളിസ്ഥലവും വിനോദ കേന്ദ്രവും നഗരസഭയിൽ ഒരുക്കും.
സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും റാമ്പുകളും ശൗചാലയങ്ങളും നിർമ്മിച്ച് തടസ്സങ്ങളില്ലാത്ത നഗരമാക്കി മാറ്റും.
ഭിന്നശേഷിക്കാരുടെ പരാതികൾ നേരിട്ട് കേട്ട ചെയർപേഴ്സൺ, വാർഷിക പദ്ധതിയിൽ ആവശ്യമായ തുക വകയിരുത്തുമെന്ന് ഉറപ്പുനൽകി.
വീൽചെയർ, ശ്രവണ സഹായികൾ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമുള്ളവരുടെ അപേക്ഷകളും സ്വീകരിച്ചു. കിടപ്പിലായ രോഗികൾക്കായി പാലിയേറ്റീവ് കെയർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സഭയിൽ തീരുമാനമായി. ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ നഗരസഭ ഒപ്പമുണ്ടാകുമെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
സ്ഥിരം സമിതി അംഗങ്ങളായ ജിതേഷ് മോഴിക്കുന്നം, പി.ഷാഹുൽ ഹമീദ്, കെ.ഷെഫീദ, കൗൺസിലർമാരായ ടി.പി. ഉസ്മാൻ, സി.സംഗീത, കെ.മധുസൂദനൻ, സി.കൃഷ്ണദാസ്, സി.പി. സജാദ്, എം.വി ലതാകുമാരി, വി.പി. വിജയൻ, പി.സാദിഖ്, വി.ഷംസീന, ഐ.സി.ഡി.എസ് സൂപ്പർവൈസർ എൻ.സുധ എൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് ഡോ.എസ്.അമൽ നന്ദി രേഖപ്പെടുത്തി.
