പാലക്കാട് ജില്ലയിൽ രണ്ടിടത്ത് നടന്ന വാഹനാപകടങ്ങളിൽ നാല് മരണം. കുഴൽമന്ദം പരുത്തിപ്പുള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എലപ്പുള്ളി പേട്ടയിൽ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അച്ഛനും മകനും കാറിന്നടിയിൽപ്പെട്ട് മരിച്ചു.
കോട്ടായി കരിയങ്കോട് സ്വദേശി സുദീപത്തിൽ സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി കല്ലംപറമ്പ് വീട്ടിൽ ആകാശ് (23) എന്നിവരാണ് ബൈക്ക് മതിലിൽ ഇടിച്ച് മരിച്ചത്.
ഇവരുടെ സുഹൃത്ത് കോട്ടായി പുളിനെല്ലിപ്പടി പടിഞ്ഞാറേപ്പുര വീട്ടിൽ അശ്വിന്‍ (23) സാരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോട്ടായി കണ്ടത്താർകാവ് ദേശവേല കഴിഞ്ഞ് പുലർച്ചെ ആകാശിനെ വീട്ടിൽ കൊണ്ടു വിടാൻ മൂവരും ബൈക്കിൽ പോകുമ്പോഴാണ് അപകടം. ആകാശും സുർജിതും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗൾഫിലായിരുന്ന അശ്വിൻ അവധിക്ക് നാട്ടിൽ എത്തിയതാണ്.
ഞായറാഴ്ചയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ കാറിൽ ഇടിച്ച് റോഡിലേക്കു വീണ അച്ഛനും മകനും മറ്റൊരു കാറിടിച്ച് മരിച്ച ദാരുണ സംഭവം നടന്നത് എലപ്പുള്ളി പേട്ടയിലാണ്. മങ്കര കല്ലൂർ നെല്ലിക്കാട് പോണയംപാടം കൃഷ്ണകുമാർ (42), മകൻ ആരവ് കൃഷ്ണ (13) എന്നിവരാണ് മരിച്ചത്.
കാറിലിടിച്ച സ്കൂട്ടറിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ അച്ഛനും മകനും പിന്നാലെയെത്തിയ മറ്റൊരു കാറിടിച്ചു മരിക്കുകയായിരുന്നു. അപകടത്തിനു ശേഷം ഈ കാർ നിയന്ത്രണം തെറ്റി തൊട്ടപ്പുറത്തുണ്ടായിരുന്ന മിനി വാനിൽ ഇടിച്ചുകയറി. കാറിലെ യാത്രക്കാർക്കും പരുക്കേറ്റു.
പാലക്കാട്- പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ പേട്ടയിലാണ് അപകടമുണ്ടായത്. ഓടിക്കൂടിയ യാത്രക്കാരും വ്യാപാരികളും ചേർന്നു കൃഷ്ണകുമാറിനെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കും ഇടുപ്പിനും ഗുരുതര പരുക്കേറ്റ ആരവ് കഷ്‌ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എലപ്പുള്ളി പാറയിലുള്ള ഭാര്യവീട്ടിൽ നിന്നു മങ്കരയിലേക്ക് മടങ്ങുകയായിരുന്നു കൃഷ്ണകുമാറും മകൻ ആരവും. ഇവർ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. എതിരെ വന്ന കാറിൻ്റെ പിൻചക്രത്തിലിടിച്ച് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. ഈ സമയം തൊട്ടു പിന്നിൽ വന്നിരുന്ന കാർ ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയും നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്ത് നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ചു കയറുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഈ കാർ ഓടിച്ച യുവതിക്കും ഭർത്താവിനും 2 മക്കൾക്കും പരുക്കേറ്റിട്ടുണ്ട്. കൃഷ്‌ണകുമാർ മങ്കരയിൽ നിർമ്മാണത്തൊഴിലാളിയാണ്. പറളി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആരവ് കൃഷ്ണ.

