കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്‌ണ (24) ആണ് മദ്യ ലഹരിയിൽ മർദ്ദനമേറ്റ് മരിച്ചത്. അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെന്ന് സംശയിക്കുന്ന എഴുപുന്ന കരിമാഞ്ചേരി സ്വദേശികളായ മൂന്ന് പേർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. അരൂർ പാലസ് ബാറിന് മുൻവശത്ത് ഏഴുപുന്നയിൽ നിന്നും കുമ്പളങ്ങിയിൽ നിന്നുമെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഈ തർക്കത്തിൽ നിധിനും ഇടപെടുകയായിരുന്നു. ആദ്യം ഇരുകൂട്ടരും രമ്യതയിൽ പിരിഞ്ഞു പോയിരുന്നു.
എന്നാൽ പിന്നീട് വീണ്ടും കയ്യാങ്കളിയുണ്ടാകുകയും, ഇതിനിടെ നിതിൻ കൃഷ്‌ണയുടെ നെഞ്ചിൽ കുത്തേൽക്കുകയുമായിരുന്നു എന്നാണ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു. ബാറിന് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് പേർ ചേർന്ന് നിതിനെ മർദ്ദിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
