ഒമാനിലെ മിന്നൽ പ്രളയത്തിനും വെള്ളപ്പൊക്ക ദുരന്തത്തിനും പിറകെ ഇതര എമിറേറ്റ്സുകളിലും വ്യാപക മഴയും ഇടിയും മിന്നലും.
ദുബൈ, അബുദാബി, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ വ്യാപകമായി മഴ പെയ്തു.
ഇന്ന് (തിങ്കളാഴ്ച) രാവിലെ ആറ് മണിയോടെ ആരംഭിച്ച മഴ വളരെ നേരം നീണ്ടു നിന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ അതിശക്തമായ കാറ്റു വീശുന്നുണ്ട്.
മഴയെത്തുടർന്ന് റോഡുകളിൽ കാഴ്ച പരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് സിവിൽ ഡിഫൻസ് അധികൃതർ കർശന ജാഗ്രതാ നിർദേശം നൽകി.
ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന താൽക്കാലിക വേഗപരിധി കർശനമായി പാലിക്കണം. നിയമ ലംഘകർക്കു കനത്ത പിഴയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ലാക്ക് പോയിൻ്റുകളും ശിക്ഷ ലഭിക്കും എന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.
പർവ്വത മേഖലകളിലും താഴ്‌ന്ന പ്രദേശങ്ങളിലും മഴയെ തുടർന്ന് വെള്ളം കുത്തിയൊലിച്ചു വരാൻ സാദ്ധ്യത ഉള്ളതിനാൽ താഴ്വരകളിൽ സന്ദർശനം ഒഴിവാക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

