കൂടല്ലൂരിന് ജ്ഞാനപീഠം നേടിക്കൊടുത്ത എം.ടിയ്ക്ക് ജന്മനാട്ടിലെ വിദ്യാലയം ഇനി സ്മാരകം. സ്കൂൾ രേഖകളിലും മറ്റു ഓഫീസ് രേഖകളിലും സ്‌കൂളിന്റെ പേര് എം.ടി വാസുദേവൻ നായർ മെമ്മോറിയൽ ജി.എച്ച്.എസ് കൂടല്ലൂർ എന്നറിയപ്പെടുമെന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലിനാ ബീവി അറിയിച്ചു.
സ്കൂൾ പ്രധാനാധ്യാപികയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
കൂടല്ലൂരിൻ്റെ കഥാകാരൻ എം.ടിയോടുള്ള ആദര സൂചകമായി കൂടല്ലൂർ സ്കൂളിന് എം.ടി യുടെ പേര് നൽകണമെന്ന് സംസ്ഥാന ഗവൺമെൻ്റിനോട് കൂടല്ലൂർ സ്കൂൾ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി സംയുക്ത യോഗം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ആവശ്യം ഉന്നയിച്ചിരുന്നു.
എം.ടിയുടെ നിര്യാണത്തെ തുടർന്ന് അരുണോദയം വായനശാല നടത്തിയ അനുസ്മരണ യോഗത്തിൽ മന്ത്രി എം.ബി രാജേഷിന് നിവേദനം നൽകിയിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അന്ന് ഉറപ്പ് നൽകിയിരുന്നു.
തൃത്താല എം.എൽ.എയും മന്ത്രിയുമായ എം.ബി രാജേഷിൻ്റെ ഇടപെടലാണ് തൃത്താല നിയോജക മണ്ഡലത്തിലെ നാല് സ്കൂളുകൾക്ക് മഹാന്മാരുടെ പേരുകൾ പുനർ നാമകരണം ചെയ്ത് 'സർക്കാർ ഉത്തരവിറക്കിയത്.
ലോക സാഹിത്യ ഭൂപടത്തിൽ കൂടല്ലൂരിനെ അടയാളപ്പെടുത്തിയ എം.ടിയുടെ പേര് കൂടല്ലൂർ ഹൈസ്കൂളിന് നൽകിയതിൽ കഥാകാരനും എം.ടിയുടെ സഹോദരനുമായ എം.ടി രവീന്ദ്രൻ സന്തോഷം രേഖപ്പെടുത്തി.

