പാലക്കാട് ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉണർവ് പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. പത്ത് വർഷത്തെ ഇടതുഭരണ നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിച്ച മുഖ്യമന്ത്രി കേരളത്തിൽ ജീവിക്കാൻ ആരും കൊതിക്കുന്ന കാലമാണിതെന്ന് അവകാശപ്പെട്ടു.
എൽ.ഡി.എഫ് പട്ടാമ്പി മണ്ഡലം റാലി കൊപ്പത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പിണറായി വിജയനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.പി വിനയകുമാർ ഷാളണിയിച്ച് സ്വീകരിച്ചു. മികച്ച സാമാജികനുള്ള മഹാത്മ പുരസ്കാരം ലഭിച്ച സ്ഥാനാർത്ഥി മുഹമ്മദ് മുഹസിനെ മുഖ്യമന്ത്രി അനുമോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ ഇസ്മയിൽ, സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്, എം.എൻ സുധീപ്, എം.എൻ കരുണാകരൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ സുബൈദ ഇസ്ഹാഖ്, ടി.കെ നാരായണദാസ്, കെ.സി ജയപാലൻ, കെ.പി അബ്ദുറഹ്മാൻ, കെ.മല്ലിക, കെ.പരമേശ്വരൻ, ഒ.കെ സെയ്തലവി, അഷറഫലി വല്ലപ്പുഴ, ജയകൃഷ്ണൻ പടനായകത്ത് എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ കൂറ്റനാട് നടന്ന തൃത്താല മണ്ഡലം റാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ എം.ആർ മുരളി അധ്യക്ഷനായി.
കൂറ്റനാട് - തൃത്താല റോഡിൽ പാടശേഖരത്തിൽ തയ്യാറാക്കിയ യോഗ സ്ഥലത്തേക്ക് ഉച്ചയ്ക്ക് ശേഷം തൃത്താല മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ ഒഴുകിയെത്തി. തൃത്താല മണ്ഡലത്തിൻ്റെ ഇടതുപക്ഷ മനസ്സ് വിളിച്ചോതുന്ന തരത്തിൽ ജനപങ്കാളിത്തം കൊണ്ട് റാലി ശ്രദ്ധേയമായി.
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ എം.പി, ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, സ്ഥാനാർഥി എം.ബി രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.കെ ചന്ദ്രൻ, പി.എൻ മോഹനൻ, സി.പി.ഐ സംസ്ഥാന എക്സി.അംഗം കെ.പി സുരേഷ് രാജ്, ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ്, മണ്ഡലം ചെയർമാൻ ഇ.ടി ഹൈദ്രോസ്, എ.കെ ദേവദാസ് (ഐ.എസ്.ജെ.ഡി), സി.കെ വിജയൻ (കേരള കോൺ.എം), ശ്രീജി കടവത്ത് (എൻ.സി.പി) എന്നിവർ പങ്കെടുത്തു.


