പ്രസിദ്ധമായ പട്ടാമ്പി നേർച്ചക്ക് ഇന്ന് തുടക്കം

വള്ളുവനാടിൻ്റെ ദേശീയോത്സവമായ പട്ടാമ്പി നേർച്ചയ്ക്ക് ഇന്ന് തുടക്കം. സൂഫി വര്യനായിരുന്ന ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയിലാണ് 112-ാമത് പട്ടാമ്പി നേർച്ച (ദേശീയോത്സവം) ഇന്നും നാളെയും  കൊണ്ടാടുന്നത്. 

ഇന്ന് അറുപതോളം ഉപകമ്മിറ്റികളുടെ നേതൃത്വത്തിൽ അതാത് പ്രദേശങ്ങളിലാണ് ആഘോഷങ്ങൾ നടക്കുക.

നാളെ (ഞായർ) പകൽ 11ന് കൊടിയേറ്റവും വൈകുന്നേരം നഗര പ്രദക്ഷിണ മഹാ ഘോഷയാത്രയും നടക്കും. കേന്ദ്ര ആഘോഷ കമ്മിറ്റിക്ക് കീഴിൽ അറുപതോളം ഉപകമ്മിറ്റികളുണ്ട്.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ബാൻ്റ് വാദ്യമേളക്കാരും വർണ്ണ വേഷവിധാനങ്ങളണിഞ്ഞ യുവാക്കളും പ്ലോട്ടുകളും നഗര പ്രദക്ഷിണ ഘോഷയാത്രയിൽ പങ്കെടുക്കും. 

വൈകുന്നേരം 6 മണിയോടെ മേലെ പട്ടാമ്പി കൂൾ സിറ്റിയിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്ര നഗര വീഥിയിലൂടെ നീങ്ങി പട്ടാമ്പി ബസ്റ്റാൻ്റിൽ സംഗമിക്കും. ഇത്തവണ രാത്രി 12 മണിവരെ ആഘോഷം നടത്താൻ സംഘാടകർ ഹൈകോടതിയിൽ നിന്ന് ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.

ഇത്തവണ ഫെബ്രുവരിയിൽ റമളാൻ വ്രതം വന്നതുകൊണ്ടാണ് നേർച്ച മാർച്ച് ഒടുവിലേക്ക് നീട്ടിയത്. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചാരണച്ചൂടിലായതും അതിനു പുറമെ  പാലക്കാട് ജില്ലയിൽ  വേനൽച്ചൂട് കഠിനമായതും ആഘോഷ പരിപാടികൾക്ക് മാറ്റു കുറയ്ക്കുമോ എന്ന ആശങ്ക നാട്ടുകാരിലുണ്ട്.

കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ അലി പൂവ്വത്തിങ്ങൽ (പ്രസി), സി.ഹനീഫ മാനു (സെക്രട്ടറി), കെ.ബഷീർ (ട്രഷറർ) എന്നിവരുടെ  നേതൃത്വത്തിലാണ് നേർച്ച കൊണ്ടാടുന്നത്. 

നേർച്ചയുടെ ഭാഗമായി ഞായറാഴ്ച ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ക്രമസമാധാന പാലനത്തിന് വൻ പോലീസ് സന്നാഹം രംഗത്തുണ്ടാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം