പതിനായിരങ്ങൾ അണിനിരന്ന പട്ടാമ്പി 112-ാമത് നേർച്ച പര്യവസാനിക്കും മുമ്പ് നഗരം ശുചീകരിച്ച് പട്ടാമ്പി നഗരസഭ പ്രശംസ നേടി. ഉത്സവത്തിൻ്റെ ബാക്കി പത്രമെന്ന നിലയിൽ നഗരത്തിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ അർദ്ധ രാത്രിയിൽ പെയ്ത കനത്ത മഴയെപ്പോലും അവഗണിച്ചാണ് ‘ശുചീകരണ സൈന്യം’ ദൗത്യത്തിനിറങ്ങിയത്.
ഉത്സവ ലഹരി അവസാനിച്ചയുടൻ നഗരസഭ സെക്രട്ടറി ഡോ.എസ്.അമൽ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ശുചീകരണ ദൗത്യം ആരംഭിച്ചത്.
പുലരുന്നതിന് മുൻപ് തന്നെ നഗരം പൂർവ്വ സ്ഥിതിയിലാക്കുക എന്ന ലക്ഷ്യത്തോടെ വിശ്രമമില്ലാതെയാണ് ഉദ്യോഗസ്ഥരും തൊഴിലാളികളും പ്രവർത്തിച്ചത്.
സ്വച്ഛ് സർവേക്ഷന്റെ ഭാഗമായി വിപുലമായ മുൻകരുതലുകളാണ് നഗരസഭ ഇത്തവണ ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ജൈവ- അജൈവ മാലിന്യങ്ങൾ തരംതിരിക്കാൻ നഗരത്തിലുടനീളം പ്രത്യേക ബിന്നുകൾ സ്ഥാപിച്ചിരുന്നു. വിവിധയിടങ്ങളിൽ ബയോ ടോയ്‌ലറ്റുകളും സജ്ജമാക്കി.
മാലിന്യങ്ങളിൽ നിന്ന് നിർമ്മിച്ച കലാരൂപങ്ങളുടെ സ്റ്റാളുകളും ടൗൺ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി ആകർഷകമായ ചുമർ ചിത്രങ്ങളും ഒരുക്കി. മുൻപ് മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലങ്ങളിൽ ‘സ്നേഹാരാമങ്ങൾ’ നിർമ്മിച്ചും, മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന സന്ദേശ ബോർഡുകളും സ്ഥാപിച്ചു.
ഹരിതകർമ്മ സേനാംഗങ്ങളും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും ഉൾപ്പെട്ട വലിയൊരു സൈന്യം നടത്തിയ ദൗത്യം നഗരവാസികളുടെയും സന്ദർശകരുടെയും വലിയ പ്രശംസ ഏറ്റുവാങ്ങി.
