പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉടലെടുത്ത യുദ്ധ പ്രതിസന്ധി കണക്കിലെടുത്ത് ഗൾഫിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി

ഗൾഫിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

മാർച്ച് അഞ്ചിലെ എസ്.എസ്.എൽ.സി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

യുദ്ധസമാന സാഹചര്യത്തെ തുടർന്ന് ഗൾഫിലും കേരളത്തിലും ചില വിദ്യാർത്ഥികൾക്ക് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാൻ കഴിയാതെ ആശങ്കയിലാണ്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകർ/ പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് അപേക്ഷ നൽകണം. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും.

കേരളത്തിൽ 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ് മേഖലയിൽ 7 പരീക്ഷാ കേന്ദ്രങ്ങളിലായി 633 കുട്ടികളും, ലക്ഷദ്വീപിൽ 9 പരീക്ഷാ കേന്ദ്രങ്ങളിലായി 386 കുട്ടികളുമാണ് ഈ മാസം നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കൻ്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിതരണം 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്‌കൂളുകളിലും പൂർത്തീകരിച്ചിട്ടുണ്ട്.

എസ്.എസ്.എൽ.സി പരീക്ഷ ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു. സോർട്ടിങ് പൂർത്തിയാക്കി ബാങ്ക്/ ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ചീഫ്‌ സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ്‌ സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തീകരിച്ചിട്ടുണ്ട്.

26,000ത്തോളം അധ്യാപകരാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയുടെ ഇൻവിജിലേഷൻ ജോലി നിർവഹിക്കുന്നത്. ഉത്തരക്കടലാസ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് ഏകദേശം 950 അഡീഷണൽ ചീഫ് എക്സ‌ാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായി ഇതിനോടകം തന്നെ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത അധ്യാപകർക്ക് മാർച്ച് രണ്ടാം വാരത്തിൽ തന്നെ നിയമന ഉത്തരവ് നൽകും. മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തീകരിക്കും. 

2026 മെയ് മൂന്നാം വാരത്തിനുള്ളിൽ എസ്.എസ്.എൽ.സി പരീക്ഷ ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം