ആലത്തൂരില്‍ എലിവിഷം ഉള്ളില്‍ ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

ആലത്തൂർ ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തില്‍ ഉന്നതിയിൽ അബ്ദുല്‍ റഹ്മാനെ (29) യാണ് ഗാർഹിക പീഡന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.  അബ്ദുല്‍ റഹ്മാന്റെ ഭാര്യ  അസ്‌ന (20) ഏപ്രിൽ 7ന് മരണപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മാസം 27 നാണ് ഭര്‍തൃഗൃഹത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ അസ്‌നയെ കണ്ടെത്തിയത്. 

ആലത്തൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഒരാഴ്ച മുമ്പ് മരണപ്പെട്ടു.

പ്ലസ് ടു വിദ്യാർത്ഥിയായ അസ്ന, സ്‌കൂളില്‍ പോകുന്നതിനു മുമ്പ് ഭർതൃ വീട്ടുകാർ വീട്ടുജോലി ചെയ്യാൻ നിർബന്ധിച്ചിരുന്നുവെന്നും ഇത് പഠിത്തത്തെ ബാധിക്കുന്നതില്‍ പെണ്‍കുട്ടിക്ക് മാനസിക വിഷമമുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഭര്‍തൃഗൃഹത്തില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി കാണിച്ച് ബന്ധുക്കള്‍ നൽകിയ പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്. അസ്‌നയുടെ മരണമൊഴി പ്രകാരം ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ്  കേസെടുത്തത്. 

മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി എ.ജെ  ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ റഹ്മാനെ അറസ്റ്റ് ചെയതത്. ആലത്തൂര്‍ കോടതി ഇയാളെ റിമാൻ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം