എടപ്പാൾ സേതു നായർക്ക് നവകേളി പുരസ്കാരം; വിഷു ദിനത്തിൽ സമർപ്പണം

കോതച്ചിറ അയ്യപ്പൻകാവ് കൊടുങ്ങല്ലൂർക്കാവ് നവഭാരത് പൂരാഘോഷ കമ്മിറ്റി ഏർപ്പെടുത്തിയ എട്ടാമത് നവകേളി പുരസ്കാരം പ്രശസ്ത വാദ്യ കലാകാരൻ എടപ്പാൾ സേതു നായർക്ക് ബുധനാഴ്ച സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോതച്ചിറ ശേഖരൻ നായരുടെ സ്മരണാർത്ഥം  ഏർപ്പെടുത്തിയതാണ് പുരസ്കാരം.  10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.  

വിഷുക്കണി, വിഷുക്കൈനീട്ടം, പുരസ്കാര സമർപ്പണം എന്നിവയാണ് പ്രധാന പരിപാടികൾ.   ക്ഷേത്രം കോമരം ഉണ്ണികൃഷ്ണൻ നായർ, വി.എം.സി നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ  ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രം പ്രസിഡന്റ് അഡ്വ. വിദ്യാധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ വിശിഷ്ടാതിഥിയാകും.

പുരസ്കാര സമർപ്പണത്തിന് മുന്നോടിയായി രാവിലെ നടപ്പുര പഞ്ചവാദ്യവും കോതച്ചിറ കൃഷ്ണ തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും അരങ്ങേറും. കലാമണ്ഡലം രതീഷ്, സദനം ഭരതരാജ്, പെരിങ്ങോട് സുബ്രഹ്മണ്യൻ, വരവൂർ അപ്പു, കോതച്ചിറ കുട്ടിനാരായണൻ എന്നിവർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകും.

ഭാരവാഹികളായ കലാമണ്ഡലം രതീഷ്, സി.വി വാസുദേവൻ, സി.എം ജനാർദ്ദനൻ, ടി.എം സജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം