കോഴഞ്ചേരി ആയൂർ പാലത്തിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (70), വാഹനം ഓടിച്ച മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്.
നൈനാൻ വർഗീസിൻ്റെ ഭാര്യ റോസി നൈനാൻ, റോബിൻ നൈനാൻ്റെ മക്കളായ ആദം, അഥീൽ എന്നിവർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡ്രൈവർ സീറ്റിൽ കുടുങ്ങിയ റോബിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം ഹാപ്പി ലാൻ്റ് സന്ദർശിച്ച് തിരികെ പോകുന്നതിനിടെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റോബിൻ്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും നൈനാൻ വർഗീസിന്റെത് കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലുമാണ്.
കടയ്ക്കൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചടയമംഗലം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അപകടത്തെതുടർന്ന് മണിക്കൂർ നീണ്ട വാഹനക്കുരുക്കും ഉണ്ടായി.
