കേരളത്തിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഷോളയൂർ പഞ്ചായത്തിന്റെയും അട്ടപ്പാടിയിലെ കലാകാരൻമാരുടെയും സഹകരണത്തോടെ ഏപ്രിൽ 24ന് കുട്ടികളുടെ നാടക കളരി നടത്തും.
പ്രാദേശിക കലാ അവതരണങ്ങൾ, സുധീഷ് മരുതലം നേതൃത്യം കൊടുക്കുന്ന മൂപ്പൻസ് ബാന്റിന്റെ ഗാനമേള, ആറങ്ങോട്ടുകര നാടക സംഘത്തിന്റെ അസീസ് പെരിങ്ങോട് സംവിധാനം ചെയ്യുന്ന 'തളപ്പ്' നാടകം, അനുസ്മരണ സമ്മേളനം, നാടക അവാർഡ് സെറിമണി തുടങ്ങിയ പരിപാടികൾ ഏപ്രിൽ 24, 25, 26 തീയതികളിൽ നടക്കും.
അട്ടപ്പാടിയിൽ നിന്ന് പറന്നു വന്ന് ആസ്വാദകരുടെ ഹൃദയത്തിൽ നിറഞ്ഞു നിന്ന നാടകക്കാരൻ കുപ്പുസ്വാമി മരുതനെ അനുസ്മരിക്കുന്ന ചടങ്ങിൽ, അദ്ദേഹത്തെ കുറിച്ച് തയ്യാറാക്കിയ അട്ടപ്പാടിയിലെ നാടക പ്രാവ് എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും.
അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിൽ നിന്നാദ്യമായി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകത്തിൽ ബിരുദം നേടിയ കലാകാരനാണ് കുപ്പുസ്വാമി.
കുപ്പുസ്വാമിയുടെ നാടക ജീവിതത്തിനെ പരുവപ്പെടുത്തിയെടുത്ത വേരുകളെ അതിന്റെ ഇടങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്ന ഒന്നാണ് ഈ ഡോക്യുമെന്ററി.
ഏപ്രിൽ 25ന് വൈകീട്ട് ആനക്കട്ടിയിലെ ഹാർമണി ഹാളിലാണ് ഇതിൻ്റെ പ്രദർശനം. അമാന ആട്സിന്റെ നാലാമത്തെ പ്രൊജക്റ്റാണ് ഇത്. ഷാജി ഷാ ആണ് സംവിധാനം.
