ഇരുപത്തഞ്ച് പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൻ്റെ നടുക്കം വിട്ടുമാറും മുമ്പ് തൃശൂരിലും സമാന ദുരന്തം.
തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് തയ്യാറാക്കുന്ന മുണ്ടത്തിക്കോട് പണിശാലയിൽ ഇന്ന് പകൽ മൂന്നരയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. എട്ടു പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. സംഭവ സമയം നാല്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
അപകടസ്ഥലത്ത് ശരീര ഭാഗങ്ങള്‍ ചിതറിയ നിലയിലാണ്. തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഒട്ടേറെ ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ത്വരിതഗതിയിലാക്കിയത്. സജീവന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടം ഉണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടാകുന്നതിനാൽ ഫയർ ഫോഴ്സിന് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യം നേരിട്ടു.
രണ്ട് ഏക്കറോളം വരുന്ന പാടത്താണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന പല ഭാഗങ്ങളിലേക്കും തീ പടർന്നതിനാൽ രക്ഷാപ്രവർത്തനം വലിയ പ്രതിസന്ധി നേരിട്ടു. അഗ്നിശമന സേനാംഗങ്ങൾക്ക് സ്ഫോടനം നടക്കുന്ന സ്ഥലത്തേക്ക് അടുക്കാൻ കഴിയാത്തത് പ്രതിസന്ധിയായി മാറി.
മുണ്ടത്തിക്കോട് ഗ്രാമം സ്ഫോടനത്തിൻ്റെ നടുക്കത്തിലാണ്. ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നും സമീപത്തെ വാഹനങ്ങൾ കുലുങ്ങിയെന്നും പ്രദേശ വാസികൾ പറയുന്നു. സ്ഫോടനത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എട്ട് പേരുടെ മരണം സ്ഥിരീകരിച്ചെന്നും ഒടുവിൽ ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.
ചെറിയ വഴിയായതിനാൽ ഫയർ ഫോഴ്‌സ് സംഘത്തിന് സംഭവ സ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.
ഭൂകമ്പ സമാനമായ ശബ്ദം കേട്ടാണ് ആളുകൾ ഞെട്ടിയത്. ഓടിയെത്തിയവർ കണ്ടത് നിന്നു കത്തുന്ന വെടിപ്പുരകളാണ്. പ്രദേശമാകെ പൂകമൂടിക്കഴിഞ്ഞിരുന്നു. മരങ്ങളിലേയ്ക്കും തീ പടർന്നു. ചിലത് ചിന്നിത്തെറിച്ചു. വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകൾ തകർന്ന് തെറിച്ച് അവ നിർമ്മിച്ചിരുന്ന കല്ലുകൾ ദൂരെ പാടത്തേക്ക് തെറിച്ചുവീണു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തി.
വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നാട്ടുകാർക്കും രക്ഷാ പ്രവർത്തകർക്കും എത്തിച്ചേരാനാകാത്തതാണ് ദുരന്തത്തിൻ്റെ വ്യാപ്‌തി വർധിപ്പിച്ചത്. പാടത്തോട് ചേർന്നുള്ള വലിയൊരു പറമ്പിലാണ് വെടിക്കെട്ടു പുരകൾ പ്രവർത്തിച്ചിരുന്നത്.
അഞ്ച് വെടിക്കെട്ട് പുരകളും കത്തിനശിച്ചു. അപകടസ്ഥലത്തേക്കുള്ള ആംബുലൻസുകളുടേയും രക്ഷാപ്രവർത്തകരുടേയും എത്തിച്ചേരൽ ദുഷ്കരമായിരുന്നു. ജെ.സി.ബി ഉൾപ്പെടെയുള്ള സ്ഥലത്തെത്തി രക്ഷാപ്രവർത്തന വാഹനങ്ങൾക്കുള്ള വഴി നിർമ്മിക്കുകയായിരുന്നു.


