തിരുവനന്തപുരം വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. ബാറിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്നാണ് യുവാവിനെ റോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വിഴിഞ്ഞം സ്വദേശിയായ സുമൻ (38) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സൂര്യജിത്ത്, അനന്തു, കൃഷ്ണപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ചു, അനന്തു എന്നിവർ സഹോദരങ്ങളാണ്.
ബാറിലുണ്ടായ വാക്കേറ്റമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ സുമനെ പിന്തുടർന്നെത്തിയ സംഘം റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികൾ സുമനെ ക്രൂരമായി മർദ്ദിക്കുന്നതും, അയാൾ അവശനായി വീണതിന് ശേഷവും അക്രമം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുവഴി വന്ന കാറിലുണ്ടായിരുന്നവരാണ് സുമനെ ആശുപത്രിയിൽ എത്തിച്ചത്.
കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പൊലീസ് അതിവേഗം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ലഹരി ഉപയോഗമാണോ അതോ മുൻ വൈരാഗ്യമാണോ ഇത്രയും ക്രൂരമായ മർദ്ദനത്തിന് പിന്നിലെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
