മൂന്ന് പതിറ്റാണ്ടിലേറെക്കാലം തിരുമിറ്റക്കോട് നാലാം വാർഡിൽ കലവറ 31-ാംനമ്പർ അംഗൻവാടിയിൽ വർക്കറായി സേവനം അനുഷ്‌ഠിച്ച ശ്രീദേവി ടീച്ചർ നാടിൻ്റെ സ്‌നേഹാദരം ഏറ്റുവാങ്ങി പടിയിറങ്ങി.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി വിബിലേഷ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. അംഗനവാടി പരിസരത്ത് സജ്ജമാക്കിയ കലവറ രാജൻ നഗറിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം റെനിൻ എട്ടടിയിൽ അധ്യക്ഷത വഹിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.രവി പ്രകാശ്, ശ്രീദേവി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി വിബിലേഷ് ഉപഹാരം നൽകി അനുമോദിച്ചു. ടീച്ചർക്കുള്ള സ്നേഹ സമ്മാന പൊതികളുമായി നൂറുകണക്കിന് ആളുകളും എത്തിയിരുന്നു.
ടീച്ചറുടെ പൊന്നോമനകളായ കുരുന്നുകളും മുൻ വിദ്യാർത്ഥികളും സ്വരൂപിച്ച തുക കൊണ്ട് വാങ്ങിയ ആറ് ഗ്രാം സ്വർണ്ണ വള ശ്രീദേവി ടീച്ചർക്ക് സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് അംഗൻവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ വയോധികയായ കലവറപ്പടി നീലിയാണ് ശ്രീദേവി ടീച്ചറുടെ കരങ്ങളിൽ വള അണിയിച്ചത്. 20,000 രൂപയും സമ്മാനിച്ചു.
അംഗൻവാടി തുടങ്ങിയ കാലത്ത് കുട്ടികൾ കുറവായിരുന്നെങ്കിലും ഇപ്പോൾ ധാരാളം കുട്ടികൾ അറിവും അന്നവും നൽകുന്ന ഈ കൊച്ചു പള്ളിക്കൂടത്തിൽ എത്തുന്നുണ്ട്. അംഗനവാടിയിലെ സേവന കാലത്ത് ഈ നാട് തന്നോട് കാണിച്ച സ്നേഹ ബഹുമാനങ്ങൾക്ക് ശ്രീദേവി ടീച്ചർ നന്ദി പറഞ്ഞു.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി ഷിജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ കാസിം, എം.പി ദാരുവൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ എം.എം പ്രദീപ്, എട്ടടിയിൽ ജനാർദ്ദനൻ, ജീന എന്നിവർ സംസാരിച്ചു.
